നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ റിമാന്‍ഡ് ചെയ്തു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. അന്വേഷണ സംഘം നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുകയും ചെയ്യും.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസര്‍കോട് ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ പത്തനാപുരത്ത് വെച്ച്‌ കസ്റ്റഡിയിലെടുത്തത്. ജില്ലയിലെത്തിച്ച പ്രദീപ് കുമാറിനെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കി. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയ ശേഷം കാഞ്ഞങ്ങാട് ഡി.വൈ. എസ്.പിയുടെ ഓഫീസിലെത്തിച്ച്‌ വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കോടതി പ്രദീപ് കുമാറിനെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.