തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിളള. ഏജന്‍സികള്‍ നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കെതിരെ കേസെടുക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരിലെ അംഗങ്ങളും രാഷ്ട്രീയപാര്‍ട്ടികളുമാണെന്ന് രാമചന്ദ്രന്‍പിളള ആരോപിച്ചു.

അന്വേഷണ വിവരങ്ങള്‍ രഹസ്യമാണ്. എന്നാല്‍ അത് ഓരോ മണിക്കൂറിലും ചോര്‍ത്തി കൊടുക്കുകയാണ്. ഇത് രാജ്യത്തെ സംബന്ധിച്ച്‌ അപകടകരമായ സ്ഥിതിയാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ബിനീഷ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അയാള്‍ ഉത്തരം പറയണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റ് ചെയ്‌ത ആരേയും സംരക്ഷിക്കില്ല. കുറ്റം ചെയ്‌തവരെ ശിക്ഷിക്കട്ടെയെന്നും രാമചന്ദ്രന്‍പിളള പറഞ്ഞു.

വാര്‍ത്തകള്‍ ചോര്‍ത്തി കൊടുക്കുന്നത് രാഷ്ട്രീയമാണ്. സര്‍ക്കാരിന് ബോദ്ധ്യപ്പെട്ടപ്പോഴാണ് ശിവശങ്കറിനെ മാറ്റി അന്വേഷണം നടത്തിയത്. ആരുടേയും സ്വഭാവം തിരയാന്‍ സാധിക്കില്ല. ശിവശങ്കറിന്റെ മേലുളള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുളളത് പോലെ പ്രധാനമന്ത്രിക്കുമുണ്ട്. ഞങ്ങളുടെ മക്കള്‍ നല്ലത് ചെയ്യുന്നവരുണ്ടാകും. അതുപോലെ ഇന്നത്തെ സമൂഹത്തിന്റെ സമര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ തെറ്ര്‌ ചെയ്‌തൂവെന്നും വരും. തെറ്റ്‌ ചെയ്‌തവരെ നമ്മള്‍ സംരക്ഷിക്കുന്നുണ്ടോയെന്നാണ് പ്രധാനമെന്നും രാമചന്ദ്രന്‍പിളള പറഞ്ഞു.

സംസ്ഥാന സെക്രട്ടറിക്ക് എതിരായി ഒരു ആക്ഷേപവുമില്ല. എല്ലാ വൃത്തികേടുമുളള ഒരു സമൂഹമാണിത്. അതിന്റെ സ്വാധീനശക്തി ചിലപ്പോള്‍ ഏറിയും കുറഞ്ഞും ഞങ്ങളിലും കുടുംബാംഗങ്ങളിലുമുണ്ടാകും. അത് ഞങ്ങള്‍ തിരുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.