രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ രോഗികളെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും വീടുകളില്‍ ചികിത്സിക്കുന്ന രീതി അടിയന്തരമായി തുടങ്ങണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രോഗികളുടെ എണ്ണം കൂടുകയും നിലവിലെ ചികിത്സാകേന്ദ്രങ്ങളില്‍ സ്ഥലപരിമിധി ഉണ്ടാവുകയും ചെയ്തതോടെയാണ് ഈ നിര്‍ദ്ദേശം.

സംസ്ഥാനത്ത് 29 സര്‍ക്കാര്‍ ആശുപത്രികളിലാണ് നിലവില്‍ കൊറോണ ചികിത്സ നല്‍കുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ മെഡിക്കല്‍ കേളേജുകളില്‍ ഉള്‍പ്പടെ കിടത്തി ചികിത്സയ്ക്ക് സ്ഥലമില്ലാത്ത അവസ്ഥയായി.

രോഗം സ്ഥിരീകരിച്ചെത്തുന്നവരില്‍ 45 ശതമാനം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. 30 ശതമാനം പേര്‍ക്ക് മാത്രമാണ് ചെറിയ ലക്ഷണങ്ങള്‍ കാണുന്നത്. ഇവര്‍ക്കും വിദഗ്ധ ചികിത്സയുടെ ആവശ്യം വരുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും വീടുകളില്‍ ചികിത്സിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയത്. വിദഗ്ധ സമിതിയും ഇതേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ശക്തമായ നെഞ്ചുവേദന, ശ്വസംമുട്ടല്‍, മയക്കം, ഓര്‍മ്മ കുറുവ് തുടങ്ങിയ മറ്റ് ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ അത് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട രീതിയാണ് സൂചിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നു.