തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് മഹാമാരി കൊടുങ്കാറ്റ് പോലെ പടരുന്ന സാഹചര്യത്തില്‍ അതിനെ തടുക്കാന്‍ സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇവര്‍ക്ക് യഥേഷ്ടം നിരക്ക് ഈടാക്കാന്‍ കഴിയില്ല. ഒരു തവണ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് 625 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്.

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനുണ്ടെങ്കില്‍ മാത്രമേ സ്വകാര്യലാബുകളില്‍ പരിശോധന നടത്താന്‍ അനുവദിക്കൂ. പരിശോധനാ ഫലം നെഗറ്റീവായാലും രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നവര്‍ ക്വാറന്റയിനില്‍ കഴിയണം. റാപ്പിഡ്, സി.പി.ആര്‍, ജീന്‍ എക്‌സ്‌പേട്ട്, ട്രൂനാറ്റ് പരിശോധനകള്‍ക്ക് മുമ്ബ് സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരുന്നു. കുറഞ്ഞ ചെലവില്‍ നേരത്തെ റിസല്‍റ്റ് കിട്ടും എന്നതാണ് ആന്റിജന്‍ പരിശോധനയുടെ പ്രത്യേകത. അതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിശോധന നടത്താനാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയറിന്റെ (എന്‍.എ.ബി.എച്ച്‌) അക്രഡിറ്റേഷനുള്ള സ്വകാര്യ ആശുപത്രികള്‍ക്കും നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലബോറട്ടറീസിന്റെ അക്രഡിറ്റേഷനുള്ള ലാബുകള്‍ക്കും ഐ.സി.എം.ആറിന്റെ രജിസ്‌ട്രേഷനുള്ള കോവിഡ് 19 ലാബുകള്‍ക്കും സംസ്ഥാന ആരോഗ്യവകുപ്പിന്റെ അംഗീകാരമുളള ലാബുകള്‍ക്കും ആന്റിജന്‍ പരിശോധന നടത്താം. ഇവര്‍ ഐ.സി.എം.ആറിലും സംസ്ഥാന ആരോഗ്യവകുപ്പിലും ഇത് സംബന്ധിച്ച്‌ രജിസ്‌ട്രേഷന്‍ നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവാകുന്നവരെ കോവിഡ് രോഗികളായി ചികിത്സിക്കണം. രോഗലക്ഷണമുള്ളയാളുടെ ഫലം നെഗറ്റീവ് ആണെങ്കില്‍ റാപ്പിഡ്, പി.സി.ആര്‍ പരിശോധനകള്‍ പുതിയ സാമ്ബികളെടുത്ത് നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.

സമ്ബര്‍ക്കവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ അനുമതിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് ചികിത്സയ്ക്ക് അനുമതി നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഒരുമാസം മുമ്ബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍, ലാബ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് വിദഗ്ധപരിശീലനം നല്‍കിയിരുന്നെങ്കിലും ചികിത്സാ അനുമതി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാ നിരക്കിന് അനുസരിച്ച്‌ ചികിത്സ ആരംഭിക്കാന്‍ അനുമതി നല്‍കിയതിനെ ആരോഗ്യപ്രവര്‍ത്തകരും ഐ.എം.എയും അടക്കം എല്ലാവരും സ്വാഗതം ചെയ്യുന്നു. മൂന്നാല് മാസമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ ജോലിഭാരം അല്‍പമെങ്കിലും കുറയ്ക്കാന്‍ ഈ നടപടിക്ക് കഴിയും.