ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളേയും അവരുടെ കുടുംബങ്ങളേയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും പൂര്‍ണ്ണമായി വിലക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈന തിരിച്ചും, രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന അമേരിക്കക്കാര്‍ക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി അംഗങ്ങളുടെയും ഇതിനകം രാജ്യത്തുള്ള അവരുടെ കുടുംബങ്ങളുടെയും വിസ റദ്ദാക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച കരടുരേഖ തയ്യാറായതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ അംഗങ്ങള്‍ക്കും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെ ജീവനക്കാര്‍ക്കും നിരോധനം ഭാധകമായേക്കും. അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പ് അടുത്തെത്തിയ ആഹചാര്യത്തില്‍ ട്രംപിനെ ഒരു കടുത്ത ചനീസ് വിരോധിയായി സ്ഥാപിച്ച്‌ ഭൂരിപക്ഷ വോട്ടു ബാങ്കിനെ സ്വാധിനിക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം ശക്തമായി നടത്തുന്നുണ്ട്. വ്യാപാരം അടക്കമുള്ള ചില വിഷയങ്ങളില്‍ ട്രംപ് ചൈനയെ രൂക്ഷമായി വിമര്‍ശിക്കുമെങ്കിലും പ്രസിഡന്റ് സി ജിന്‍‌പിങ്ങിനെ പ്രശംസിക്കുന്നതിലും അദ്ദേഹം ഒട്ടും കുറവു വരുത്താറില്ല. ഹോങ്കോങ്ങിലെയും സിന്‍ജിയാങ്ങിലെയും ചൈനീസ് അടിച്ചമര്‍ത്തലുകളെ കുറിച്ച്‌ മൌനം തുടരുന്ന അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കണമെന്ന് സിന്‍ ജിന്‍‌പിങ്ങിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

അതേസമയം, എല്ലാവരെയും വിലക്കുക എന്നതില്‍ പ്രായോഗിക പ്രശ്നങ്ങളും ഉണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 92 ദശലക്ഷം അംഗങ്ങളുണ്ട്. 2018 ല്‍ ഏകദേശം മൂന്ന് ദശലക്ഷം ചൈനീസ് പൗരന്മാര്‍ അമേരിക്ക സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം ഇപ്പോഴത് ഗണ്യമായി കുറഞ്ഞിരിക്കാം. ആരൊക്കെ പാര്‍ട്ടി അംഗങ്ങളാണ് എന്നറിയാന്‍ യാതൊരു സംവിധാനവുമില്ല എന്നതാണ് മറ്റൊരു പ്രശ്നം. അതിനാല്‍ പാര്‍ട്ടി അംഗങ്ങളുടെ പ്രവേശനം തടയലും, നിലവിലുള്ളവരെ തിരിച്ചയക്കലും പ്രായോഗികമായി നടക്കാന്‍ പ്രയാസമാണ്.