സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ. സ്വർണക്കടത്ത് കേസിലെ പ്രതികളെ അന്വേഷിച്ച് കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പത്താം ക്ലാസ് ജയിക്കാത്ത ഒരു സ്ത്രീ ഐടി വകുപ്പിന് കീഴിൽ എങ്ങനെ ജോലി തരപ്പെടുത്തിയെന്നതും അന്വേഷിക്കാൻ മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കുറിപ്പ്

അന്വേഷിക്കണം, കണ്ടെത്തണം, മാതൃകാപരമായി ശിക്ഷിക്കണം.

തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കുലംകുത്തികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബഹു: കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി.

പത്താം ക്ലാസ് പാസാകാത്ത ഒരു ധീര വനിത എങ്ങനെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴിൽ 1,70,000രൂപ മാസ ശമ്പളമുളള ജോലി തരപ്പെടുത്തി എന്ന കാര്യവും കൂടി അന്വേഷിക്കാൻ മറക്കരുത്.

മടിയിൽ കനമില്ല; വഴിയിൽ ഭയമില്ല

അതേസമയം തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ലെന്ന് സ്വർണക്കടത്ത് കേസിൽ അന്വേഷണ സംഘം തിരിയുന്ന സ്വപ്ന സുരേഷ് ട്വന്റിഫോറിനോട് പ്രതികരിച്ചു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ തന്നെ ആർക്കും ചോദ്യം ചെയ്യാം. ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് മാറി നിൽക്കുന്നത്. താൻ ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്ന സുരേഷ്.

ജോലിയില്ലാത്ത അനിയൻ, വിധവയായ അമ്മ ഇവരെ ആരെയും ഒരു സർക്കാർ സർവീസിലും നിയമിച്ചിട്ടില്ല. മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫീസിൽ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല. യുഎഇയിൽ നിന്ന് വരുന്നവർക്ക് സപ്പോർട്ട് നൽകുക. അവർ വരുമ്പോൾ അവർക്ക് വേണ്ട കാര്യങ്ങൾ നൽകുക. അവരെ കംഫർട്ടബിൾ ആക്കുക തുടങ്ങിയവ മാത്രമാണ് താൻ ചെയ്തിരുന്നത്. യുഎഇ കോൺസുൽ ജനറലിന്റെ പിന്നിൽ നിൽക്കുക എന്നതാണ് തന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല താൻ നിന്നത്. കഴിഞ്ഞ നാഷണൽ ഡേയ്ക്ക് എടുത്ത ചിത്രങ്ങൾ നിങ്ങൾ നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അദ്ദേഹത്തിന്റെ കൂടെയും വേദി പങ്കിട്ടു. തന്നെ യുഎഇ കോൺസുലേറ്റിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം താൻ സഹായിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.