രാജ്യത്ത് 21,000 കടന്ന് കൊവിഡ് മരണങ്ങള്‍. ആകെ മരണം 21,129 ആയി. 24 മണിക്കൂറിനിടെ 24,879 പുതിയ പോസിറ്റീവ് കേസുകളും 487 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,67,296 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,69,789 പേരാണ്. രാജ്യത്താകെ 4,76,377 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 62.08 ശതമാനമായി ഉയര്‍ന്നു.

പുതിയ കൊവിഡ് കേസുകളുടെ 58.09 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 14,454 പോസിറ്റീവ് കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

24 മണിക്കൂറിനിടെ 19,547 പേര്‍ ഈ സംസ്ഥാനങ്ങളില്‍ രോഗമുക്തരായി. ആകെ 1,07,40,832 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 2,67,061 സാമ്പിളുകളാണ് പരിശോധിച്ചത്.

മഹാരാഷ്ട്രയില്‍ 2,23,724 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 1,23,192 പേര്‍ രോഗമുക്തരായി. മുംബൈ, താനെ, പുനെ എന്നിവിടങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍.