രാജ്യത്ത് കൊറോണ വ്യാപനം സങ്കീര്‍ണമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 613 കൊറോണ മരണവും 24850 കൊറോണ കേസുമാണ്. ഇതോടെ ആകെ രോഗബാധിതര്‍ 6,73,165ഉം മരണസംഖ്യ 19,268ഉം ആയി. കേന്ദ്രമന്ത്രിമാരുടെ സംഘം ഡല്‍ഹിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കോവിഡ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഒരു ദിവസത്തെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. നിലവില്‍ കൊറോണ ചികിത്സയിലുള്ളവരുടെ എണ്ണം 2,44,814 ആണ്. 4,09,083 പേര്‍ക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 61 ശതമാനമായി ഉയര്‍ന്നു. മൊത്തം രോഗികളുടെ 80 ശതമാനം ഇപ്പോഴും മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്.

മഹാരാഷ്ട്രയില്‍ ആകെ കൊറോണ രോഗികള്‍ 2,00,064ഉം മരണം 8,376ഉം ആയി. മഹാരാഷ്ട്ര പൊലീസില്‍ 24 മണിക്കൂറിനിടെ 4 മരണവും 30 പേര്‍ക്ക് രോഗവും സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ 97,200ഉം മരണം 3004ഉം കടന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ഡോ.ഹര്‍ഷവര്‍ദ്ധന്‍ എന്നിവരാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ കോവിഡ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്.