ചെറുതോണി: ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ തിരുവനന്തപുരത്തായിരുന്ന മന്ത്രി വിവരം അറിഞ്ഞു വ്യാഴാഴ്ച തന്നെ മുരിക്കാശേരിയിലെത്തി അന്നു തന്നെ ജനപ്രതിനിധികളെയും കക്ഷി നേതാക്കളെയും ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികള്‍ സ്വീകരിക്കാനും വനപാലകരുടെ നിരീക്ഷണം ശക്തമാക്കാനും പുലിയിറങ്ങിയെന്നു സംശയിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും ഡിഎഫ്ഒയെ ചുമതലപ്പെടുത്തി.

പെരിയാര്‍ ടൈഗര്‍ റിസര്‍വ് അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ച കാമറകളില്‍ പതിഞ്ഞ ചിത്രങ്ങള്‍ പരിശോധിച്ച് പുലിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പുലിയെ കണ്ടെത്തിയതായി പറയുന്ന മേഖലകളില്‍ സെര്‍ച്ചിങും നൈറ്റ് പട്രോളിങും നടത്താന്‍ വനപാലകരോട് നിര്‍ദേശിച്ചു. നാട്ടുകാര്‍ വിവരം നല്‍കുന്ന മേഖലകളില്‍ വനപാലകര്‍ നേരിട്ട് ചെന്ന് പരിശോധന നടത്തണമെന്നും ഇതില്‍ വിട്ടുവീഴ്ച വരുത്തരുതെന്നും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

പുലിയിറങ്ങിയ ഇരട്ടയാര്‍ പഞ്ചായത്തിലെ അടയാളക്കല്ല്, വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി സ്‌കൂള്‍ സിറ്റി, കൊന്നയ്ക്കാമാലി, വാത്തിക്കുടി, ജോസ്പുരം മേഖലകള്‍ മന്ത്രി സന്ദര്‍ശിച്ചു. പുലിയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിച്ചാലുടന്‍ അധികൃതരെ അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

പ്രതിസന്ധി ഘട്ടത്തില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കൂട്ടായ പരിശ്രവും യോജിച്ച പ്രവര്‍ത്തനങ്ങളുമാണ് വേണ്ടതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും ഇരുവരും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭാവിയിലും ജനവാസ മേഖകളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടതായും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.