അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ളത് സഖ്യമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ. കോൺഗ്രസുമായുള്ളത് തെരഞ്ഞെടുപ്പ് ധാരണ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിശാല താൽപര്യത്തിനു വേണ്ടി ബിജെപിയെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്ന് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാരാണ് ത്രിപുരയിലേത്. ത്രിപുരയിൽ ജനാധിപത്യം കനത്ത ആക്രമണം നേരിടുകയാണ്. പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ബിജെപി സ‍ർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാടുമായി ഞങ്ങൾ മതേതര പാ‍ർട്ടികളെ സമീപിച്ചു. അതിനോട് കോൺഗ്രസ് സഹകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സഖ്യത്തിന് അനുവദിച്ച 13 സീറ്റുകൾക്കു പുറമേ നാല് സീറ്റുകളിൽ കൂടി കോൺഗ്രസ് മത്സരിക്കുന്നതിൽ എതിരഭിപ്രായം അവരെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ട് വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. അതിനുള്ളിൽ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. പത്രിക പിൻവലിച്ചില്ലെങ്കിൽ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുമായി സഹകരിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടെന്ന പ്രചാരണം ശരിയല്ല. ചിലർ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. അവർക്ക് വിജയിക്കാൻ കഴിയില്ലെന്നും മണിക് സ‍ർക്കാർ പറഞ്ഞു. പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാണ് താൻ മത്സരത്തിൽ നിന്നും മാറി നിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.