ബെംഗളൂരു: ഹിജാബ് നിരോധനത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയായ കര്‍ണാടകയിലെ ഉ‍ഡുപ്പി ജില്ലയില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് സ്വകാര്യ സ്കൂളുകളിലേക്ക് (പ്രി യൂണിവേഴ്സിറ്റി കോളജ്-പിയുസി) ചേക്കേറുന്നു. അഡ്മിഷന്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

അഡ്മിഷന്‍ വിവരങ്ങള്‍ പ്രകാരം 11-ാം ക്ലാസില്‍ (കര്‍ണാടകയില്‍ പിയുസി 1 എന്ന് അറിയപ്പെടുന്നു) പ്രവേശിക്കുന്ന മുസ്ലിം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസം സംഭവിച്ചിട്ടില്ല, 1296(2021-22), 1320(2022-23). എന്നാല്‍ സര്‍ക്കാര്‍ പിയുസികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം പകുതിയായ കുറഞ്ഞു.

2022-23 അധ്യയന വര്‍ഷത്തില്‍ 186 മുസ്ലിം വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ പിയുസികളില്‍ അഡ്മിഷന്‍ നേടിയത്. 2021-22 കാലഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം 388 ആയിരുന്നു. 2022-23 ല്‍ 91 മുസ്ലിം പെണ്‍കുട്ടികള്‍ മാത്രമാണ് സര്‍ക്കാര്‍ പിയുസികള്‍ തിരഞ്ഞെടുത്തത്, 2021-22 ല്‍ ഇത് 178 ആയിരുന്നു. മുസ്ലിം ആണ്‍കുട്ടികളുടെ എണ്ണം 210 ല്‍ നിന്ന് 95 ആയി കുറഞ്ഞു.

ഉഡുപ്പിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇടിവ് സംഭവിച്ചപ്പോള്‍ സ്വകാര്യ പിയുസികളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ 927 മുസ്ലിം വിദ്യാര്‍ഥികളാണ് സ്വകാര്യം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയത്. 2021-22 ല്‍ എണ്ണം കേവലം 662 മാത്രമായിരുന്നു. ആണ്‍കുട്ടികള്‍ 334-ല്‍ നിന്ന് 440-ലേക്കെത്തി. പെണ്‍കുട്ടികള്‍ 328-ല്‍ നിന്ന് 487-ലേക്കും.

ഉദാഹരണത്തിനായി സാലിഹാത്ത് പിയു കോളജിലെ കേസെടുക്കാം. സ്ഥാപനത്തിന്റെ കണക്കനുസരിച്ച് 2021-22 അധ്യയന വര്‍ഷത്തില്‍ 30 മുസ്ലിം പിയുസി 1-ല്‍ (പ്ലസ് വണ്‍) പെണ്‍കുട്ടികളാണ് അഡ്മിഷന്‍ എടുത്തത്. എന്നാല്‍ 2022-23 എത്തിയപ്പോള്‍ പുതിയ കുട്ടികളുടെ എണ്ണം 57 ആയി.

“ഞങ്ങളുടെ പിയുസി കോളജുകളില്‍ ആദ്യമായി മുസ്ലിം പെണ്‍കുട്ടികളുടെ പ്രവേശനം ഇരട്ടിയായി. ഹിജാബ് നിരോധനം അവരെ വ്യക്തിപരമായും അല്ലാതയും ബാധിച്ചു എന്നതിന്റെ തെളിവാണിത്,” സാലിയത്ത് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്റെ അഡ്മിനിസ്ട്രേറ്റർ അസ്ലം ഹൈക്കാടി പറഞ്ഞു.

“വിദ്യാർത്ഥികളുടെ പ്രവേശനം വരുമ്പോൾ, അവരുടെ മതമോ ജാതിയോ മതമോ നോക്കാതെ മൊത്തത്തിലുള്ള എണ്ണമാണ് പരിഗണിക്കുന്നത്. ഞങ്ങൾ ഒരു പ്രത്യേക കമ്മ്യൂണിറ്റിയെയോ വിദ്യാർത്ഥികളുടെ വിഭാഗത്തെയോ മാറ്റിനിര്‍ത്തുകയോ അവരുടെ എണ്ണം വിലയിരുത്തുകയും ചെയ്യുന്നില്ല. ആത്യന്തികമായി, എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ പശ്ചാത്തലം പരിഗണിക്കാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് സർക്കാർ പിയു കോളേജുകളിലെ മൊത്തത്തിലുള്ള അഡ്മിഷൻ ഗണ്യമായി വര്‍ധിച്ചതായാണ് വിവരം. എന്നിരുന്നാലും, ഉഡുപ്പി സർക്കാർ പിയു കോളേജുകളിലെ മുസ്ലീം വിദ്യാര്‍ഥികളുടെ എണ്ണത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കില്‍, ഞങ്ങൾ അത് പരിശോധിക്കും,” കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.