തിരുവനന്തപുരം : ഇന്ത്യയിൽ പാസ്‌പോർട്ട് ഉടമകളുടെ എണ്ണത്തിൽ കേരളം മുൻപിൽ. കേരളത്തിലെ ജനംസംഖ്യയിൽ 31.6 ശതമാനം പേർക്ക് പാസ്‌പോർട്ടുണ്ടെന്നാണ് കണ്ടെത്തൽ. പ്രവാസികളുടെ കരുത്തിൽ മുന്നേറിയ കേരള മോഡൽ വികസനത്തിന് അടിത്തറ പാകുന്ന കണ്ടെത്തലാണിത്. ഇന്ത്യയിൽ ആകെയുള്ള പാസ്‌പോർട്ടുകളുടെ 11.8 ശതമാനം കേരളത്തിലാണ്.

അതേസമയം പാസ്‌പോർട്ട് ഉടമകളുടെ എണ്ണത്തിൽ മലപ്പുറം മൂന്നാം സ്ഥാനത്താണ്. ജില്ലയിൽ 1932622 പാസ്‌പോർട്ടുകളാണുള്ളത്. മലപ്പുറത്തിന് മുൻപിലുള്ളത് മഹാനഗരങ്ങളായ മുംബയും, ബംഗളൂരുവുമാണ്. ഈ മെട്രോ നഗരങ്ങളിൽ യഥാക്രമം 3556067, 3463405 പാസ്‌പോർട്ടുകളാണ് നൽകിയിട്ടുള്ളത്.

പാസ്‌പോർട്ടുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് പിന്നിലായി മഹാരാഷ്ട്രയും തമിഴ്നാടുമാണുമുള്ളത്. തമിഴ്നാട്ടിൽ ജനസംഖ്യയുടെ 12.7 ശതമാനത്തിനാണ് പാസ്‌പോർട്ടുള്ളത്, മഹാരാഷ്ട്രയിൽ ജനംസംഖ്യയുടെ 8.4ശതമാനത്തിനും. എന്നാൽ പാസ്‌പോർട്ടുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര തമിഴ്നാടിനെ മറികടന്നു. 2022 ഡിസംബർ എട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയിൽ 9.58 കോടി പാസ്‌പോർട്ട് ഉടമകളാണുള്ളത്.