അമരാവതി: സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുനിരത്തുകളിൽ സമ്മേളനങ്ങളും റാലികളും നടത്തുന്നത് നിരോധിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. ടി.ഡി.ബി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിച്ചതിന് പിന്നാലെയാണ് സർക്കാരിന്‍റെ നടപടി. തിങ്കളാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്.

ദേശീയ-സംസ്ഥാന പാതകൾ, പഞ്ചായത്ത് റോഡുകൾ, മുനിസിപ്പൽ റോഡുകൾ എന്നിവിടങ്ങളിൽ സമ്മേളനങ്ങളും റാലികളും നടത്തുന്നതാണ് നിരോധിച്ചത്. റോഡുകളിലെ പൊതുയോഗങ്ങൾ പൊതുജനങ്ങൾക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നതായി ഉത്തരവിൽ പറയുന്നു.

ഇത്തരം പൊതുയോഗങ്ങൾ പരിക്കുകൾക്കും മരണങ്ങൾക്കും ഇടയാക്കുമെന്ന് തെളിയിഞ്ഞതായും ഉത്തരവിലുണ്ട്. എന്നാൽ സർക്കാരിന്‍റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഡിസംബർ 28ന് നെല്ലൂരിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് എട്ട് പേർ മരിച്ചിരുന്നു.