മഹാരാഷ്ട്രയിൽ റിലീസിന് തയ്യാറെടുക്കുന്ന പാക്കിസ്ഥാൻ ചിത്രം ദ ലെജൻഡ് ഓഫ് മൗലാ ജാട്ട് പ്രദർശിപ്പിക്കുന്നതിനെതിരെ മഹാരാഷ്ട്ര നവനിർമ്മാൺ സേന. ചിത്രം പ്രദർശിപ്പിക്കുന്നതിനെ എതിർത്ത എംഎസ്എൻ സിനിമാ ഹാൾ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. 

സീ സ്റ്റുഡിയോസ്, മൂവിടൈം സിനിമ, ഓഗസ്റ്റ് എന്റർടൈൻമെന്റ്, തിലക് എന്റർടെയ്ൻമെന്റ് എന്നിവയുൾപ്പെടെ വിവിധ സിനിമാ സ്ഥാപനങ്ങൾക്ക് എംഎൻഎസ് കത്ത് അയച്ചിട്ടുണ്ട്. ഡിസംബർ 30 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. 

ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ റിലീസ് ചെയ്യുന്ന ആദ്യ പാകിസ്ഥാൻ ചിത്രമായിരിക്കും ഇത്. പാകിസ്ഥാനിൽ നിർമ്മിച്ച് പാകിസ്ഥാൻ അഭിനേതാക്കൾ അഭിനയിച്ച ‘ദ ലെജൻഡ് ഓഫ് മൗലാ ജാട്ട്’ എന്ന ചിത്രം മഹാരാഷ്ട്രയിൽ ഉടൻ റിലീസ് ചെയ്യാൻ ബോധപൂർവം പദ്ധതിയിടുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,’ എംഎൻഎസ് അയച്ച കത്തിൽ പറയുന്നു.

‘പാകിസ്ഥാൻ എങ്ങനെയാണ് ഇന്ത്യൻ വിരുദ്ധ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടേണ്ടതില്ല. നമ്മുടെ സൈനികരും പോലീസ് സേനകളും കൂടാതെ പൗരന്മാരും ഈ തീവ്രവാദ പ്രവർത്തനങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഞങ്ങൾ അതിനെതിരെ കാലാകാലങ്ങളായി പ്രതിഷേധിക്കുന്നുണ്ട്. അതിനാൽ ഈ പാകിസ്ഥാൻ ചിത്രം മഹാരാഷ്ട്രയിൽ റിലീസ് ചെയ്യരുതെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,’കത്തിൽ കുറിച്ചു.