ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാമ്. ഈ ദുഷ്‌കരമായ സമയത്ത് പ്രധാനമന്ത്രിയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ അമ്മ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

‘അമ്മയും മകനും തമ്മിലുള്ള സ്‌നേഹം ശാശ്വതവും വിലമതിക്കാനാകാത്തതുമാണ്. മോദിജി, ഈ ദുഷ്‌കരമായ സമയത്ത് എന്റെ സ്‌നേഹവും പിന്തുണയും നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളുടെ അമ്മ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പ്രതികരണവുമായി എത്തിയിട്ടുണ്ട്. ‘പ്രധാനമന്ത്രിയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് വാർത്ത അറിഞ്ഞു. ഈ മണിക്കൂറിൽ നമ്മളെല്ലാവരും അദ്ദേഹത്തിനൊപ്പമുണ്ട്. അമ്മ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു’ പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 

അതേസമയം ഹീരബെന്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിലാണ് ഹീരബെന്നിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഉടൻ അഹമ്മദാബാദിലെത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആശുപത്രിയിലെത്തി ആരോഗ്യനില ചോദിച്ചറിഞ്ഞിരുന്നു. 

ആശുപത്രി പരിസരത്ത് കനത്ത സുരക്ഷയാണ് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ നാലിന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് എത്തിയപ്പോൾ, ഗാന്ധിനഗറിലെ റെയ്സൻ ഏരിയയിലെ വസതിയിലെത്തി പ്രധാനമന്ത്രി അമ്മ ഹീരാബെൻ മോദിയെ കണ്ടിരുന്നു. ജൂൺ 18നാണ് ഹീരാബെൻ മോദിക്ക് 100 വയസ്സ് തികഞ്ഞത്.