ന്യൂഡൽഹി: സീറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. കേസിൽ വിചാരണ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കർദിനാളിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ എറണാകുളം കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന ആവശ്യമാണ് തള്ളിയത്.

ജസ്റ്റിസ് റിഷികേശ് റോയി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കർദിനാളിനായി അഭിഭാഷകൻ സിദ്ധാർഥ് ലൂതറയാണ് കോടതിയിൽ ഹാജരായത്. സീറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പെടെ ജനുവരി രണ്ടാം വാരം കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർ നടപടികൾക്ക് എതിരെ വിവിധ രൂപതകൾ നൽകിയ ഹർജി അടുത്ത വർഷം ജനുവരി പത്തിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ഭൂമിയിടപാട് കേസിൽ മജിസ്ട്രേറ്റ് കോടതിയില്‍ കർദിനാൾ നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി വിധി മറച്ചുവെച്ചാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് പരാതിക്കാരനായ ഷൈൻ വർഗീസിൻ്റെ അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയിൽ വ്യക്തമാക്കി. കർദിനാളിന് ഇളവ് നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിന് മുന്നിൽ മത മേലധ്യക്ഷന്മാർക്ക് ഇളവുകൾ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും രാകേന്ദ് ബസന്ത് കോടതിയിൽ പറഞ്ഞു.

സഭയുടെ ഭൂമിയിടപാട് കേസിലെ മറ്റൊരു പരാതിക്കാരനായ ജോഷി വർഗീസിനായി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും സുപ്രീം കോടതിയിൽ സമാനമായ നിലപാട് സ്വീകരിച്ചതോടെ കർദിനാളിൻ്റെ ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

കരുണാലയം, ഭാരത് മാത കോളേജ് പ്രദേശത്തെ ഭൂമി വിൽപ്പനകളും സംബന്ധിച്ച കേസുകളിലാണ് കർദിനാൾ കോടതിയിൽ ഹാജരാകേണ്ടത്. എറണാകുളം – അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാടുകൾ നടന്നതെന്നുമാണ് കേസ്. പ്രായം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആലഞ്ചേരി മുൻപ് വ്യക്തമാക്കിയെങ്കിലും കാക്കനാട് മജിസ്ട്രേറ്റ് കോടതി കോടതി അംഗീകരിച്ചിരുന്നില്ല.