ബാഗൽകോട്ടെ: കർണാടകത്തിലെ ബാഗൽകോട്ടെയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കുഴൽക്കിണറ്റിലിട്ടു. മുധോൽ സ്വദേശിയായ പരശുറാം കുലാലി (54) ആണ് കൊല്ലപ്പെട്ടത്. 21 കാരനായ വിഥാൽ കുലാലി ആണ് അരുംകൊല ചെയ്തത്. സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

മന്തിയാർ ബൈപ്പാസിനു സമീപം ഈ മാസം ആറിനു വൈകുന്നേരം ആറുമണിക്കാണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായിരുന്നു പരശുറാം. മദ്യപിച്ചു വീട്ടിലെത്തി വിഥാലിനോടും കുടുംബാംഗങ്ങളോടും വഴക്കിടുന്നതും അസഭ്യം പറയുന്നതും പതിവായിരുന്നു. ഇതിലുള്ള വിരോധമാണ് വിഥാലിനെ അതിക്രൂരമായ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചത്. സംഭവം നടന്ന ദിവസം മദ്യപിച്ചു വീട്ടിലെത്തിയ പരശുറാം മകൻ വിഥാലിനോടു അസഭ്യം പറഞ്ഞിരുന്നു. ഇതേ തുടർന്ന് ബൈപ്പാസിനു സമീപമുള്ള കൃഷിയിടത്തിലേക്കു പിതാവിനെ എത്തിച്ച വിഥാൽ ഇരുമ്പ് കമ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം 30 കഷ്ണങ്ങളാക്കി പ്ലാസ്റ്റിൽ കവറിലിട്ട് ഉപയോഗശൂന്യമായ കുഴൽക്കിണറിൽ തള്ളി.

പരശുറാം വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ ഭാര്യയടക്കം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എട്ടിന് പരശുറാമിൻ്റെ ഭാര്യ മുധോൽ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് കുടുംബാംഗങ്ങളെ ഓരോരുത്തരെയായി ചോദ്യം ചെയ്തു. മകൻ വിഥാലിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. കുറ്റം സമ്മതിച്ച പ്രതി മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച സ്ഥലവും പോലീസിനോടു വെളിപ്പെടുത്തി. ജെസിബി ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് പരശുറാമിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

പരശുറാമിൻ്റെ ഇളയമകനാണ് വിഥാൽ. സ്ഥിരം മദ്യപാനിയായ പരശുറാം അമ്മയെ അടക്കം മർദിക്കുന്നതാണ് വിഥാലിനെ പ്രകോപിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. മൃതദേഹം പൂർണമായും കുഴൽക്കിണറിൽ ഇടാനായിരുന്നു പ്രതി ആദ്യം പദ്ധതിയിട്ടിരുന്നതെന്നും പിന്നീടാണ് വെട്ടിനുറുക്കി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും പിടിയിലായിട്ടും വിഥാലിന് ഭാവഭേദമില്ലെന്നും പോലീസ് വിശദമാക്കി. അമ്മയുൾപ്പെടെയുള്ള മുഴുവൻ കുടുംബത്തിനും അച്ഛൻ പേടിസ്വപ്‌നമായി മാറിയതിനാലാണ് കൊല ചെയ്തതെന്നും കൊലപാതകത്തിൽ കുറ്റബോധമില്ലെന്നും പ്രതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.