ട്വന്റി 20 ലോകകപ്പിൽനിന്ന് ഇന്ത്യ ടീം പുറത്തായി ഒരാഴ്ച പിന്നിടുമ്പോൾ സഞ്ജു സാംസണിനു വേണ്ടി വാദിച്ചുള്ള ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം രവി ശാസ്ത്രിയുടെ വിഡിയോ ട്വിറ്ററിൽ ട്രെൻഡിങ്ങാകുന്നു. സഞ്ജു സാംസണെ ടീമിനു പുറത്തിരുത്തുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന് രൂക്ഷ വിമർശനം ഉന്നയിക്കുന്നതാണ് വിഡിയോ. 

ട്വന്റി20 ലോകകപ്പ് സെമിയിൽ ഇംഗ്ലിണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ സ്റ്റാർ സ്പോർട്സിൽ നടന്ന ചർച്ചയിലായിരുന്നു രവി ശാസ്ത്രിയുടെ പരാമർശം. സഞ്ജുവിന് കൂടുതൽ അവസരം നൽകാൻ ഇന്ത്യൻ ടീം തയാറാകാണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 

സഞ്ജുവിനെപ്പോലുള്ള യുവതാരങ്ങളേ നോക്കൂ…അയാൾക്ക് അവസരം നൽകൂ. അദ്ദേഹത്തിന് പത്തു മത്സരങ്ങൾ കളിക്കാൻ അവസരം നൽകൂ. രണ്ടു മത്സരങ്ങളിൽ കളിപ്പിച്ച് ബാക്കിയുള്ളതിൽ പുറത്തുനിർത്തുന്ന രീതിയല്ല വേണ്ടത്. മറ്റുള്ളവരെ മാറ്റി നിർത്തൂ. എന്നിട്ട് അയാൾക്ക് 10 മത്സരങ്ങൾ കളിക്കാൻ നൽകൂ. അതു കണ്ട് തീരുമാനിക്കൂ, അദ്ദേഹത്തിന് കൂടുതൽ അവസരം നൽകണമോ വേണ്ടയോ എന്ന്’– ശാസ്ത്രി പറഞ്ഞു. 

ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. ലോകകപ്പ് സെമിയിൽ ഇന്ത്യ പുറത്തായതിനു പിന്നാലെ സഞ്ജു ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് അവസരം നൽകാത്തതിൽ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ന്യൂസിലൻഡിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.