തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും മാധ്യമങ്ങളോട് അസാധാരണ നടപടികൾ കെെക്കൊള്ളുകയും ചെയ്ത് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മീഡിയവണ്ണിനോടും കൈരളി ടിവിയോടും സംസാരിക്കില്ലെന്നും ഈ ചാനലുകളുടെ റിപ്പോർട്ടർമാർ പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.  മുഖംമൂടി ധരിച്ചവരോട് സംസാരിക്കില്ലെന്ന് ഗവർണർ കൂട്ടിച്ചേർത്തു.  മുമ്പും ആരിഫ് മുഹമ്മദ് ഖാൻ ചില മലയാള മാദ്ധ്യമങ്ങളെ വിലക്കിയിരുന്നു.ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്ന് പറഞ്ഞായിരുന്നു ഗവർണറുടെ മാദ്ധ്യമ വിലക്ക്. കേഡർ മാദ്ധ്യമങ്ങളെന്ന് പറഞ്ഞായിരുന്നു ഗവർണർ വിലക്ക് പ്രഖ്യാപിച്ചത്. മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയായിരുന്നു. 

കൈരളി ചാനലും മീഡിയ വണ്ണും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ വിളിച്ചുപറഞ്ഞ് തനിക്കെതിരെ നിരന്തരം ക്യാമ്പയിൻ ചെയ്യുകയാണെന്നായിരുന്നു ഗവർണറുടെ ആരോപണം. കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണെന്നും അതുകൊണ്ട് ഈ രണ്ട് മാദ്ധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. രണ്ട് മാദ്ധ്യമങ്ങളെ വിലക്കുന്നത് അസഹിഷ്ണുത അല്ലേ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം മാത്രമാണെന്നായിരുന്നു ഗവർണർ നൽകിയ മറുപടി. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. സംസ്ഥാനം ഭരണഘടനാ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പോലീസിൻ്റെ ഭാഗത്തുനിന്നുള്ള പല സംഭവങ്ങളും ഉയര്‍ത്തി ക്രമസമാധാന തകര്‍ച്ചയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോടാണ് ഗവര്‍ണർ വിമർശനങ്ങൾ ഉന്നയിച്ചത്. 

സാങ്കേതിക സര്‍വകലാശാല വി.സിയായി ചുമതലയേല്‍ക്കാനെത്തിയ ഡോ.സിസ തോമസിനെ എസ്എഫ്ഐ തടഞ്ഞതിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ക്കുന്ന നടപടികള്‍ക്കാണ്  ഇടതു സര്‍ക്കാര്‍ തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാന തകര്‍ച്ചയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മേയര്‍ എഴുതിയതുപോലെ നിരവധി കത്തുകള്‍ വേറെയുമുണ്ട്. അവ പുറത്തുവരണം. കേരള സര്‍ക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകള്‍ക്ക് മാറ്റി വച്ചിരിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.

ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിനെയും അദ്ദേഹം പരിഹസിച്ചു. രാജ്ഭവന്‍ മാര്‍ച്ച് വരട്ടെ എന്നും തന്നെ റോഡില്‍ ആക്രമിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ നവംബർ 15നാണ് ഇടതുമുന്നണി മാർച്ച് നടത്താനിരുന്നത്. സിപിഎം ധര്‍ണ്ണ നടത്തുമെന്നാണ് പറയുന്നത്. അവര്‍ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താന്‍ രാജ് ഭവനിലുള്ളപ്പോള്‍ തന്നെ നടത്തട്ടേ. ധര്‍ണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ ഭരണത്തില്‍ ഇടുപെടുന്നുവെന്ന സര്‍ക്കാര്‍ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഭരണത്തിൽ ഇടപെടുന്നു എന്ന ഒരു തെളിവ് കൊണ്ടുവന്നാല്‍ താന്‍ രാജിവെക്കാം. എന്നാല്‍ സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. താന്‍ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.