ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീംകോടതി. അഞ്ചില്‍ നാല് ജഡ്ജിമാരും സംവരണം ശരിവച്ചു. മുന്നാക്കക്കാരിലെ ദരിദ്രര്‍ക്കുള്ള സംവരണം ഭരണഘടനാപരമെന്നാണ് സുപ്രീംകോടതിയുടെ ഭരണഘടന ഭഞ്ചിന്റെ ഭൂരിപക്ഷവിധി. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ നാല് ജഡ്ജിമാരാണ് സാമ്പത്തിക സംവരണത്തെ അനുകൂലിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് (സിജെഐ) യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങുന്ന അഞ്ചംഗ സുപ്രീം കോടതി ബെഞ്ചാണ് 103-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ചത്.

പിന്നാക്കക്കാരെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് രവീന്ദ്ര ഭട്ട് നിരീക്ഷിച്ചു. നിലവില്‍ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതിനോട് രവീന്ദ്ര ഭട്ട് വിയോജിച്ചു. സാമ്പത്തിക സംവരണത്തോട് യോജിപ്പില്ലെന്ന് രവീന്ദ്ര ഭട്ട് വിധിന്യായത്തില്‍ വ്യക്തമാക്കി. സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നല്‍കണമെന്നും ജസ്റ്റിസ് ഭട്ട് കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം നല്‍കുന്ന 103-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളിലാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് (സിജെഐ) യു യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. 

ഏഴ് ദിവസങ്ങളിലായി 20 അഭിഭാഷകരുടെ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഭൂരിഭാഗം ഹര്‍ജികളും ഭേദഗതിയുടെ സാധുതയെ ചോദ്യം ചെയ്യുന്നതാണ്. 2019 ലെ ഭരണഘടനാ ഭേദഗതി (103-ആം) നിയമത്തിന്റെ സാധുതയെ വെല്ലുവിളിച്ച് 2019 ല്‍ ‘ജന്‍ഹിത് അഭിയാന്‍’ അടക്കം നല്‍കിയ 40 ഓളം ഹര്‍ജികള്‍ കോടതി പരിഗണിച്ചുരുന്നു.

2019 ജനുവരിയില്‍ സാമ്പത്തിക സംവരണബില്‍ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു. തുടര്‍ന്ന് ബില്ലില്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. നിലവിലുള്ള എസ്സി, എസ്ടി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കുള്ള 50 ശതമാനം സംവരണത്തിന് മുകളിലാണ് EWS ക്വാട്ട. നവംബര്‍ എട്ടിന് വിരമിക്കുന്നതിനാല്‍ ചിഫ് ജസ്റ്റിസ് യു യു ലളിതിന്റെ അവസാന പ്രവൃത്തി ദിനമാണിന്ന്.