തിരുവനന്തപുരം :ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന കേസിന് പിന്നാലെ നടന്‍ ശ്രീനാഥ് ഭാസിക്ക് വിലക്ക്. നിര്‍മാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം. നടനെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് സംഘടന അറിയിച്ചു. കേസില്‍ ഇടപെടില്ലെന്നും ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. 

നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് നടപടി ബാധകമാകില്ലെങ്കിലും വരാന്‍ പോകുന്ന സിനിമകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക. നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായേക്കാവുന്ന നഷ്ടം പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലേയ്ക്ക് അസോസിയേഷന്‍ എത്തിച്ചേര്‍ന്നത്. ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി വ്യാപമായി പരാതി ലഭിക്കുന്ന സാഹചര്യമുണ്ട്. സെറ്റില്‍ നിരന്തരമായി വൈകി വരികയും കാരവനില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്നുണ്ടെന്ന രീതിയില്‍ നിരവധി പരാതികള്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഷെയ്ന്‍ നിഗത്തിനെതിരെ പരാതി ലഭിച്ചപ്പോള്‍ സ്വീകരിച്ച അതേ നടപടിയാണ് ഭാസിക്കെതിരെയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇന്നലെ അറസ്റ്റിലായ താരത്തിന് ജാമ്യം ലഭിച്ചിരുന്നു. സ്റ്റേഷന്‍ ജാമ്യത്തിലാണ് നടനെ മരട് പൊലീസ് വിട്ടയച്ചത്. നേരത്തെ സ്ത്രീത്വത്തെ അപമാനിക്കല്‍ (ഐപിസി 509), ലൈംഗിക ചുവയോടെ സംസാരിക്കുക (ഐപിസി 354(എ) ), പൊതുസ്ഥലത്ത് അസഭ്യം പറയുക (ഐപിസി 294(ബി) എന്നീ വകുപ്പുകള്‍ ചുമത്തി നടനെതിരെ കേസെടുത്തിരുന്നു. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ഇവ.