കൊച്ചി: വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അനുമതിയോ അനുവാദമോ ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി. 21 കാരിയായ യുവതിയുടെ ഹര്‍ജി പരിഗണിക്കവെ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇക്കാര്യം നിരീക്ഷിച്ചത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ടില്‍ ഗര്‍ഭം അവസാനിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി വേണമെന്ന വ്യവസ്ഥകളൊന്നും അടങ്ങിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും എല്ലാ സമ്മര്‍ദ്ദവും വഹിക്കുന്നത് സ്ത്രീയാണെന്നതാണ് ഇതിന് കാരണമായി പറയുന്നത്.

കോട്ടയം സ്വദേശിനിയായ 21 കാരിയായ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നിലവില്‍ ഗര്‍ഭിണിയായ സ്ത്രീ നിയമപരമായി വിവാഹമോചനമോ വിധവയോ അല്ല.

കേസും വിധിയും 

21 കാരിയായ യുവതി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഒളിച്ചോടി വിവാഹം കഴിച്ചത്.വിവാഹശേഷം  ഭര്‍ത്താവും വീട്ടുകാരും യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോളും അവളെ സംശയിച്ചു. സാമ്പത്തികമായോ മാനസികമായോ യാതൊരു പിന്തുണയും നല്‍കിയതുമില്ല. ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും ക്രൂരമായ പെരുമാറ്റം കാരണം സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ യുവതി നിര്‍ബന്ധിതയാകുകയായിരുന്നു. തുടര്‍ന്ന് യുവതി ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനിക്കുകയും ഒരു ആശുപത്രിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതായി തെളിയിക്കുന്ന നിയമപരമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രി ഗര്‍ഭം അലസിപ്പിക്കാന്‍  അനുവദിച്ചില്ല. കേരള ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍, ഭര്‍ത്താവിനെതിരെ യുവതി ക്രിമിനല്‍ പരാതി നല്‍കിയതും ഭര്‍ത്താവ് യുവതിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല എന്നതും ജസ്റ്റിസ് വി ജി അരുണ്‍ ചൂണ്ടിക്കാട്ടി. ഇത് യുവതിയുടെ വൈവാഹിക ജീവിതത്തില്‍ ഉണ്ടായ മാറ്റമാണെന്ന് നിരീക്ഷിച്ച കോടതി, കോട്ടയം മെഡിക്കല്‍ കോളേജിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭം അലസിപ്പിക്കാന്‍ ഹര്‍ജിക്കാരിയെ അനുവദിക്കണമെന്നും ഉത്തരവിട്ടു.