കൊച്ചി: പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്ന് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി എൻ.ഐ.എയുടെ റിമാൻഡ് റിപ്പോർട്ട്. രാജ്യത്തെ യുവാക്കളെ അൽഖ്വയ്ദ, ലഷ്കർ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളിൽ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിനും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പ്രേരിപ്പിച്ചുവെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയിൽ സ്ഥാപിക്കാൻ ഗൂഢാലോചന നടത്തി, സർക്കാരിന്റെ നയങ്ങൾ തെറ്റായ രീതിയിൽ വളച്ചൊടിച്ച് സമൂഹത്തിൽ വിദ്വേഷ പ്രചാരണത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമിച്ചുവെന്ന കാര്യങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്. നേതാക്കളുടെ അറസ്റ്റിനെ തുടർന്ന് കേരളത്തിൽ ഇന്ന് ഹർത്താൽ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എൻഐഎ ചൂണ്ടിക്കാണിച്ചു. 

രഹസ്യമായി വിവരങ്ങൾ കൈമാറുന്ന വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളാണ് പ്രതികൾ ഉപയോഗിച്ചത്. റെയ്ഡിൽ ഇവരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ മിറർ ഇമേജസ് അടക്കം പരിശോധിക്കണമെന്ന ആവശ്യവും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ ഉന്നത ഗൂഢാലോചന വ്യക്തമാകുമെന്ന കാര്യവും റിമാൻഡ് റിപ്പോർട്ടിൽ എടുത്തുപറയുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.

കൊച്ചിയിലെ കേസുമായി ബന്ധപ്പെട്ട് ആകെ 14 പ്രതികളാണുള്ളത്. ഇതിൽ ഒന്നാമത്തെ പ്രതി പോപ്പുലർ ഫ്രണ്ട് സംഘടന തന്നെയാണ്. മറ്റു 13 പേർ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ്. കേസിലെ മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവരെ ഇനി പിടികൂടാനുണ്ടെന്നും ഇവരാണ് ഹർത്താൽ ആഹ്വാനം ചെയ്തതെന്നും എൻഐഎ പറയുന്നു.