പാലക്കാട്; അട്ടപ്പാടി മധു വധക്കേസിലെ വിചരാണ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയിലേക്ക്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റുന്നത് വരെ വിചാരണ നിർത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി നൽകാനൊരുങ്ങുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിൽ വിശ്വാസമില്ലെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും മധുവിന്റെ അമ്മ മല്ലി പറഞ്ഞു.

സ്പെഷൽ പ്രോസിക്യൂട്ടർ സി.രാജേന്ദ്രനെ ഒഴിവാക്കി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനു ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയും സഹോദരിയും കഴിഞ്ഞ ദിവസം വിചാരണ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിക്കവേ മധുവിന്റെ കുടുംബത്തിന്റെ ആശങ്ക കോടതി സ്പെഷ്യൽ പ്രോസിക്യൂട്ടറെ ധരിപ്പിച്ചു. എന്നാൽ സർക്കാരാണ് തന്നെ നിയോഗിച്ചതെന്നും സർക്കാരിന് ആത്മവിശ്വാസം ഉണ്ടെങ്കിൽ തുടരാമെന്നുമായിരുന്നു അദ്ദേഹം കോടതിയിൽ നൽകിയ മറുപടി.

അതേസമയം ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നായിരുന്നു കോടതിയുടേയും പ്രതികരണം. കേസിൽ ചൊവ്വാഴ്ച വരെ സാക്ഷി വിസ്താരം നിർത്തിവെയ്ക്കാമെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനും അല്ലാത്ത പക്ഷം ചൊവ്വാഴ്ച സാക്ഷി വിസ്താരം പുനരാരംഭിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ മധുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.