പി പി ചെറിയാൻ

ഡാലസ് : രാവിലെ 9 മുതൽ 10 വരെയുള്ള മണിക്കൂറിൽ സമീപപ്രദേശങ്ങളിലെ ആറു കടകളിൽ കവർച്ച നടത്തി പൊലീസിനെ വെട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച 19 കാരൻ അറസ്റ്റിൽ. ഈസ്റ്റ് ഡാലസിൽ ജൂൺ 9 വ്യാഴാഴ്ചയായിരുന്നു സംഭവം. ഡാലസിലെ ഏബ്രംസ്, സ്ക്കിൽമാൻ സ്ട്രീറ്റുകളിലുള്ള കൺവീനിയൻസ് സ്റ്റോറുകൾ, ഫാർമസികൾ, മറ്റു വിവിധ ഷോപ്പുകളിലാണ് ആയുധവുമായി 19കാരൻ മിന്നൽ കവർച്ച നടത്തിയത്.

പിങ്ക് ഹാറ്റ് സൺഗ്ലാസസ്, ഷൂസ്, പാന്റ്സ്, ഹുഡി എന്നിവ ചോദിച്ചായിരുന്നു യുവാവ് കടകളിൽ എത്തിയത്. കയ്യിൽ തോക്കും ഉണ്ടായിരുന്നു. തോക്കു ചൂണ്ടിയായിരുന്നു കവർച്ച. കവർച്ച നടത്തി പുറത്തു കടന്നു യുവാവ് കാറിൽ കയറുമ്പോൾ അവിടെയുള്ള ഒരു ജീവനക്കാരൻ കാറിന്റെ ഫോട്ടോ എടുത്തതാണ് പ്രതിയെ പിടികൂടാൻ പൊലീസിനു സഹായകരമായത്. കാറിനെ പിന്തുടർന്ന് പൊലിസിനു മുമ്പിൽ യുവാവ് കീഴടങ്ങുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത യുവാവിന്റെ കാറിൽ നിന്നും ഹാൻഡ് ഗൺ, ബാഗുകളിൽ നിറയെ കാഷ്, മയക്കുമരുന്ന് എന്നിവ കണ്ടെത്തി.

ജോഷ്വ മോറ എന്നാണു പ്രതിയുടെ പേരെന്നും പൊലിസ് വെളിപ്പെടുത്തി ചോദ്യം ചെയ്യുന്നതിനിടയിൽ റസ്റ്റ് റൂമിലേക്ക് പോയ പ്രതി വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ടോയ്‍ലറ്റിൽ നിഷേപിച്ച ശേഷമാണു മടങ്ങിയെത്തിയത്. യുവാവ് മയക്കുമരുന്നിനോ മദ്യത്തിനോ അടിമയാണെന്നാണു പൊലിസിന്റെ നിഗമനം. മാരകായുധം ഉപയോഗിച്ചുള്ള കവർച്ചക്ക് കേസെടുത്തു ഡാലസ് കൗണ്ടി ജയിലിലടച്ചു. 100,000 ഡോളറാണ് ജാമ്യ സംഖ്യയായി നിശ്ചയിച്ചിരിക്കുന്നത്.