നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍ തീരുമാനം. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യല്‍ അനിവാര്യമാണെന്ന നിലപാടിലാണ് അന്വേഷണസംഘം. ഫോണ്‍ ഹാജരാക്കാന്‍ കോടതി ഇടപെടണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കും. ഫോണിലെ വിവരങ്ങള്‍ നഷ്ടപ്പെടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കാനിരിക്കുകയാണ്. എന്നാല്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകള്‍ ഇന്ന് ഹാജരാക്കില്ലെന്ന് പ്രതികള്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്റെയും മൊഴി ക്രൈംബ്രാഞ്ച് ഇന്നലെ ശേഖരിച്ചു. തിരുവനന്തപുരം സ്വദേശി അഡ്വ. സജിത്തിനെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്നെ സ്വാധീനിക്കാന്‍ ഈ അഭിഭാഷകന്‍ ശ്രമിച്ചെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥരോട് അഭിഭാഷകന്‍ പറഞ്ഞു. സാമ്പത്തികമായി താന്‍ ബുദ്ധിമുട്ടിലായിരുന്നെന്നും തന്നോട് പറഞ്ഞിരുന്നു. ബാലചന്ദ്രകുമാര്‍ അയച്ച വാട്സ്ആപ് ചാറ്റുകള്‍ അഭിഭാഷകന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.