പത്മഭൂഷന്‍ ബഹുമതി ലഭിച്ചതിന് പിന്നാലെ ട്വിറ്റര്‍ ബയോ തിരുത്തിയെന്ന പ്രചരണത്തെ കുപ്രചരണമെന്ന് തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. താന്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ മാറ്റം വരുത്തിയെന്ന തരത്തിലുള്ള പ്രചരണം സംഘടിതമായി നടക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം. ബഹുമതി ലഭിച്ചതിന് തൊട്ടുപിന്നാലെ ആസാദ് തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്നും കോണ്‍ഗ്രസ് എന്നത് നീക്കം ചെയ്‌തെന്നായിരുന്നു പ്രചരണം. ഇങ്ങനെ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാജമായി നിര്‍മ്മിക്കപ്പെട്ടവയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുലാം നബി ആസാദ് രാജ്യത്തെ മൂന്നാമത് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷന്‍ സ്വീകരിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നും എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആസാദ് തന്റെ ബയോയില്‍ നിന്നും കോണ്‍ഗ്രസ് ബന്ധമെല്ലാം നീക്കം ചെയ്‌തെന്ന തരത്തില്‍ പ്രചരണമുണ്ടാകുന്നത്. ട്വിറ്ററിലൂടെ തന്നെയാണ് ഈ പ്രചരണം തള്ളി ഗുലാം നബി ആസാദ് രംഗത്തെത്തുന്നത്.

അനുഭവസമ്പന്നനായ ഗുലാം നബിയുടെ സേവനം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബുദ്ധദേബ് അടിമയാവാനല്ല സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നത് എന്ന തരത്തിലായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം. ബുദ്ധദേബ് ഭട്ടാചാര്യ, ബംഗാള്‍ സംഗീതജ്ഞ സന്ധ്യാ മുഖര്‍ജി എന്നിവര്‍ പത്മപുരസ്‌കാരങ്ങള്‍ നിഷേധിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നത്.

തന്നോട് ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്നും അതിനാല്‍ പുരസ്‌കാരം നിരസിക്കുന്നു എന്നുമായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യാ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത പറഞ്ഞു. പതിറ്റാണ്ടുകളായി ബംഗാളി സംഗീത രംഗത്തുള്ള അമ്മയ്ക്ക് 90ാം വയസില്‍ പുരസ്‌കാരം നല്‍കുന്നത് അനാദരവാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു.