പിക്ക് പോക്കറ്റ് എന്ന സിനിമയില്‍ നിന്ന് പിന്‍മാറിയത് താനാണെന്ന് ദിലീപിന്റെ വാദം തള്ളി സംവിധായകന്‍ റാഫി.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ദിലീപിന്റെ ഈ പരാമര്‍ശമാണ് റാഫി തള്ളിയത്.

കഥാപാത്രം ചെയ്യാന്‍ ദിലീപിന് നല്ല താല്പര്യം ഉണ്ടായിരുന്നെന്ന് റാഫി പറഞ്ഞു. സിനിമയില്‍ നിന്ന് പിന്‍മാറുന്നത് തന്നെ അറിയിച്ചത് ബാലചന്ദ്രകുമാറാണ്. ഒരു വര്‍ഷം മുന്‍പാണ് ഇക്കാര്യം അറിയിച്ചതെന്നും റാഫി പറഞ്ഞു. സിനിമയില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന് ദേഷ്യമുള്ളതായി അറിയില്ല. സിനിമ വൈകുന്നതില്‍ ബാലചന്ദ്രകുമാറിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും റാഫി വ്യക്തമാക്കി.

സിനിമയില്‍ നിന്നും പിന്‍മാറിയത് താനാണെന്നും അതിന് ശേഷം ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് ദിലീപിന്റെ വാദം. മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

അതേസമയം, റാഫിയെ വിളിച്ചുവരുത്തിയത് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ രേഖയിലെ ശബ്ദം തിരിച്ചറിയാനാണെന്ന് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്നും വധഗൂഢാലോചനക്കേസും നടിയെ ആക്രമിച്ചതും വ്യത്യസ്ത കേസുകള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സംവിധായകന്‍ അരുണ്‍ ഗോപിയെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി. ദിലീപിനെ ചോദ്യം ചെയ്യുന്ന കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് അരുണ്‍ ഗോപിയെ വിളിപ്പിച്ചത്. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് അരുണ്‍ ഗോപിയെ വിളിച്ചുവരുത്തിയത്.

നടി ആക്രമണ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോടും കോടതിക്ക് നല്കിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.

ബാലചന്ദ്രകുമാര്‍ പറഞ്ഞത്: ”ദിലീപിന്റെ വീട്ടില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുമ്ബോള്‍ ഒരു നടി വിവാഹം ക്ഷണിക്കാന്‍ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറില്‍ ചെന്ന് ടാബ് എടുത്ത് കൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബില്‍ ദൃശ്യങ്ങള്‍ കണ്ടു. ഇതിനിടയില്‍ ചിലര്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. 15 മിനിറ്റോളം അവര്‍ ദൃശ്യങ്ങള്‍ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായത്. ശേഷം ടാബ് കാവ്യയുടെ കൈയില്‍ കൊടുത്ത് സൂക്ഷിച്ച്‌ വയ്ക്കണമെന്ന അര്‍ത്ഥത്തില്‍ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു. ദൃശ്യം കാണുമ്ബോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ല. സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ശബ്ദം കൂട്ടിയാണ് അവര്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയില്‍ പിടിച്ചാണ് അവര്‍ ദൃശ്യങ്ങള്‍ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവര്‍ക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല. പൊലീസിനും കോടതി മുമ്ബാകെ നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.”

കേസില്‍ ഒരു മാഡത്തിന് പങ്കുള്ളതായി സംശയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ”മാഡമെന്ന പേര് പള്‍സര്‍ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്ബോള്‍ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവര്‍ ജയിലില്‍ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്.”-ബാലചന്ദ്രകുമാര്‍ പറഞ്ഞു.