ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ ടോംഗയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ അഗ്നിപര്‍വത സ്‌ഫോടനം വന്‍ ദുരന്തമാണ് വിതച്ചതെന്ന് റിപ്പോര്‍ട്ട്.

നൂറ് ഹിരോഷിമ ആണവദുരന്തത്തിന്റെ ആഘാതമുള്ള സ്‌ഫോടനമാണ് ദ്വീപിലുണ്ടായതെന്ന് നാസ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.

അഗ്നിപര്‍വത സ്‌ഫോടനത്തെയും സുനാമിയെയും തുടര്‍ന്ന് ദ്വീപിലെ ആശയവിനിമയ മാര്‍ഗങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതു ഭാഗികമായി പുനസ്ഥാപിക്കപ്പെട്ട ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് ആദ്യമായി ദുരന്തത്തെ അതിജീവിച്ചവരുടെ ദൃക്‌സാക്ഷി വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതിനു പിന്നാലെയാണ് നാസയുടെ ഭൗമനിരീക്ഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി വ്യക്തമാക്കുന്നത്.

വിഷച്ചാരമടിഞ്ഞ് അപ്പാടെ തീര്‍ന്നത് രണ്ട് ഗ്രാമങ്ങള്‍

ഈ മാസം 15നാണ് ദ്വീപിലെ ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്നിപര്‍വതം പൊട്ടിയൊലിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ 40 കി.മീറ്റര്‍ ഉയരത്തിലാണ് ചാരവും അവശിഷ്ടങ്ങളുമെല്ലാം നിറഞ്ഞത്. ഇതിനു പിന്നാലെയായിരുന്നു ദ്വീപിലെ തീരപ്രദേശങ്ങളില്‍ കൂടുതല്‍ നാശംവിതച്ച്‌ സുനാമിത്തിരമാലകളും ആഞ്ഞടിച്ചത്. 30 മെഗാടണ്‍ പ്രഹരശേഷിയുള്ള ഉഗ്രസ്‌ഫോടനമാണ് ടോംഗയിലുണ്ടായതെന്ന് നാസ ശാസ്ത്രജ്ഞന്‍ ജിം ഗാര്‍വിന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

1945 ഓഗസ്റ്റ് മാസം ജപ്പാന്‍ നഗരമായ ഹിരോഷിമയില്‍ അമേരിക്ക നടത്തിയ ആണവബോംബ് സ്‌ഫോടനത്തിന്റെ നൂറിരട്ടി മാരകശേഷിയുള്ളതായിരുന്നു അഗ്നിപര്‍വത സ്‌ഫോടനമെന്നും വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ടോംഗന്‍ തലസ്ഥാനമായ നുകുവാലോഫയില്‍നിന്ന് 65 കി.മീറ്റര്‍ വടക്കുഭാഗം വരെ സ്‌ഫോടനം പൂര്‍ണമായും വിഴുങ്ങിയിട്ടുണ്ട്. വലിയ കൂമ്ബാരമായാണ് ഗ്രാമങ്ങളില്‍ വിഷാംശമടങ്ങിയ ചാരം വന്നടിഞ്ഞത്. രണ്ട് ഗ്രാമങ്ങള്‍ പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട്. കുടിവെള്ളം വിഷമയമാകുകയും കൃഷിയും ധാന്യവിളകളുമെല്ലാം പൂര്‍ണമായും നശിക്കുകയും ചെയ്തു.

അതേസമയം, ആളപായത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. അഗ്നിപര്‍വത സ്‌ഫോടനത്തിലും സുനാമിയിലുമായി ഇതുവരെ മൂന്നു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പെറുവില്‍നിന്നുള്ള രണ്ട് ടൂറിസ്റ്റുകളും ദ്വീപില്‍ തെരുവുമൃഗങ്ങള്‍ക്കായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ബ്രിട്ടീഷ് പൗരയുമാണ് ഇതുവരെ മരിച്ചിട്ടുള്ളത്. സുനാമിയില്‍പെട്ടാണ് മൂന്നുപേരുടെയും മരണമെന്നാണ് വിവരം.

യഥാര്‍ത്ഥ ചിത്രം ഇനിയും അജ്ഞാതം

ആശയവിനിമയങ്ങള്‍ക്കായി അന്തര്‍സമുദ്ര കേബിളുകളെയാണ് ദ്വീപ് ആശ്രയിച്ചിരുന്നത്. ദുരന്തത്തോടെ ഇതെല്ലാം വിച്ഛേദിക്കപ്പെട്ട് പുറംലോകത്തുനിന്ന് പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു. അയല്‍രാജ്യങ്ങളുടെയടക്കം സഹായത്തോടെ ആശയവിനിമയമാര്‍ഗങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചുവരുമ്ബോഴാണ് ദുരന്തത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്.

നാട്ടുകാര്‍ ഇനിയും ദുരന്തത്തിന്റെ ആഘാതത്തോട് പൊരുത്തപ്പെട്ടുവരുന്നേയുള്ളൂവെന്ന് നുകുവാലോഫ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക മാരി ലിന്‍ ഫോനുവ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണിതെന്നാണ് അവര്‍ പറയുന്നത്. അഗ്നിപര്‍വതസ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ആകെ അന്ധാളിച്ചുനില്‍ക്കുകയാണ് ഇപ്പോഴും ടോംഗക്കാരെന്നും ഫോനുവ പറയുന്നു.

അന്തര്‍സമുദ്ര ഫൈബര്‍ ഒപ്ടിക് കേബിളുകളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍നിന്നാണ് ദ്വീപിലെ ദുരന്തത്തെക്കുറിച്ചുള്ള ആദ്യസൂചനകളും ദുരന്തവിവരങ്ങളുമെല്ലാം പുറംലോകമറിഞ്ഞത്. ടോംഗയുടെ അയല്‍രാജ്യങ്ങളായ ന്യൂസിലന്‍ഡും ആസ്ട്രേലിയയും സഹായവുമായി കപ്പലുകള്‍ അയച്ചിട്ടുണ്ട്. ദ്വീപിലേക്ക് ആസ്‌ട്രേലിയ പൊലീസ് സേനയെ അയച്ചിരുന്നു.