ഗുജറാത്തില്‍ പരിസ്ഥിതി സൗഹൃദ, ഹരിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി അദാനി ഗ്രൂപ്പ് ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്‌കോയുമായി കൈകോര്‍ക്കുന്നു. പരിസ്ഥിതി സൗഹൃദ ഉരുക്ക് വ്യവസായത്തിനുള്‍പ്പെടെ ആദ്യഘട്ടത്തില്‍ 37,000 കോടി രൂപയാണ് നിക്ഷേപിക്കുക. ഗുജറാത്തിലെ മുദ്രയിലെ ഉരുക്കുമില്ലില്‍ പോസ്‌കോയുടെ അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പരിസ്ഥിതി സൗഹാര്‍ദ്ദപരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് പദ്ധതി. മില്ലിന്റെ സാങ്കേതിക, സാമ്പത്തിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അദാനി ഗ്രൂപ്പും പോസ്‌കോയും സഹകരിച്ച് പ്രവര്‍ത്തിക്കും.

സുസ്ഥിര വികസനത്തിലൂന്നിക്കൊണ്ടുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുമിച്ച് നീങ്ങാനാണ് ഇരുകമ്പനികളും പദ്ധതിയിടുന്നത്. പുനരുപയോഗിക്കാനാകുന്ന ഊര്‍ജ്ജസ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഗ്രീന്‍ ഹൈഡ്രജന്‍ മേഖലയിലും ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബിസിനസ് സഹകരണത്തിന് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പോസ്‌കോ സിഇഒ ജിയോങ് വൂ ചോയ് പ്രതികരിച്ചു.

പുനരുപയോഗം സാധ്യമാകുന്ന ഊര്‍ജ്ജസ്രോതസുകളുടെ വികസനത്തിനായി അഹമ്മദാബാദില്‍ 75,000 കോടി രൂപയുടെ പദ്ധതി റിലയന്‍സും ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ ഉരുക്കുഭീമനായ പോസ്‌കോയ്ക്ക് മഹാരാഷ്ട്രയിലും ഉരുക്ക് വ്യവസായമുണ്ട്. ഇത് കൂടാതെ പൂനെ,ഡല്‍ഹി, ചെന്നെ മുതലായ നഗരങ്ങളിലും ഇവര്‍ക്ക് വ്യവസായശാലകളുണ്ട്.