ടെസ്‌ല കാറുകള്‍ എന്ന് ഇന്ത്യയിലെത്തുമെന്ന ആരാധകന്റെ ചോദ്യത്തോട് പ്രതികരിച്ച് ഇലോണ്‍ മസ്‌ക്. ടെസ്ല കാറുകള്‍ ഇന്ത്യയിലെത്തിക്കുന്നതിന് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇനിയുമേറെ കടമ്പകളുണ്ടെന്ന് മസ്‌ക് പറഞ്ഞു. ട്വിറ്ററിലൂടെ ആരാധകന്‍ അന്വേഷിച്ചതിന് മറുപടിയായാണ് ടെസ്‌ല ഓടിത്തുടങ്ങാന്‍ ഇനിയുമേറെ കടമ്പകള്‍ കടക്കാനുണ്ടെന്ന് മസ്‌ക് ട്വീറ്റ് ചെയ്തത്.

ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും മോദി സര്‍ക്കാരുമായി ഒരു വര്‍ഷത്തിലേറെക്കാലമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയായിരുന്നു. എന്നാല്‍ ഇറക്കുമതി തീരുവ സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമായിരുന്നില്ല. ലോകത്തില്‍ ഏറ്റവുമധികം ഇറക്കുമതി തീരുവ ചുമത്തുന്നത് ഇന്ത്യയാണെന്ന് മുന്‍പ് മസ്‌ക് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ടെസ്ല ഇന്ത്യയിലെത്തിക്കുന്നതിനായി തങ്ങളുടെ ആവശ്യങ്ങള്‍ കമ്പനി സര്‍ക്കാരിനെ അറിയിച്ചത്.

ഇന്ത്യന്‍ മാര്‍ക്കറ്റിന് താങ്ങാനാകുന്ന വിലയ്ക്ക് ഇറക്കുമതി ചെയ്ത കാറുകള്‍ വില്‍ക്കുന്നതിനായി നികുതി ഇളവ് ചെയ്ത് തരണമെന്നായിരുന്നു കമ്പനി സര്‍ക്കാരിന് മുന്നില്‍വെച്ച പ്രധാന ആവശ്യം. ചൈനയില്‍ നിര്‍മ്മിതമായ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കരുതെന്ന് സര്‍ക്കാര്‍ കമ്പനിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറായാല്‍ നികുതിയിളവും മറ്റ് സഹായങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ മസ്‌കിന് വാഗ്ദാനം നല്‍കിയിരുന്നു. 29,53,225 രൂപയാണ് ടെസ്‌ല കാറിന്റെ നിലവിലെ വില. ഉയര്‍ന്ന ഇറക്കുമതി തീരുവ കൂടിയാകുമ്പോള്‍ വില ഇനിയും ഉയരും. അപ്പോള്‍ ഇന്ത്യന്‍ വിപണിയ്ക്ക് അത് താങ്ങാന്‍ പ്രയാസമാകുമെന്നും ടെസ്‌ല കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു.