വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള കത്തോലിക്കരുടെ എണ്ണം 133 കോടിയിലേക്ക് പ്രവേശിക്കുന്നു. കൃത്യമായി പറഞ്ഞാൽ 1.329 ബില്യൺ, അതായത് 132.9 കോടി. 2018 പ്രകാരമുള്ള കണക്കാണിത്. വത്തിക്കാൻ സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക് ‘അന്വാറിയം സ്റ്റാറ്റിസ്റ്റിക്കും എക്ലേസിയ 2018’, ‘പൊന്തിഫിക്കൽ ഇയർബുക്ക് 2020’ എന്നിവ പ്രസിദ്ധീകരിച്ച പുതിയ സ്ഥിതിവിവരകണക്കാണിത്.

2013മുതൽ 2018വരെയുള്ള അഞ്ച് വർഷത്തിനിടയിൽ കത്തോലിക്കരുടെ എണ്ണത്തിൽ ആറ് ശതമാനത്തിന്റെ വർദ്ധനവുണ്ടായെന്നും റിപ്പോർട്ട് പറയുന്നു- അതായത് 7.5 കോടി! 2013ലെ കണക്കുകൾ പ്രകാരം ക്രൈസ്തവരുടെ എണ്ണം 125 കോടിയായിരുന്നു (1.254 ബില്യൺ). ഒരുപക്ഷേ, കത്തോലിക്കർ ഉൾപ്പെടെയുള്ള ആഗോള ക്രൈസ്തവർ സമാനതകളില്ലാത്ത പീഡനങ്ങളിലൂടെ കടന്നുപോയ കാലഘട്ടമാണ് ഇതെന്നുകൂടി പരിഗണിക്കുമ്പോൾ, ക്രിസ്തുവിശ്വാസം കൈവരിക്കുന്ന വളർച്ച കൂടുതൽ ശ്രദ്ധേയമാകുന്നു.

ചില ഭൂഖണ്ഡങ്ങളിൽ ദൈവവിളിയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആഫ്രിക്കയിലും ഏഷ്യയിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രണ്ട് ഭൂഖണ്ഡങ്ങളിലുമുണ്ടായ വർദ്ധവ് യഥാക്രമം പതിനാലും പതിനൊന്നും ശതമാനമാണ്. അതുപോലെ ബിഷപ്പുമാരുടെയും സ്ഥിരം ഡീക്കന്മാരുടെയും എണ്ണത്തിൽ വർദ്ധനവുണ്ടായി.

132.9 കോടി വരുന്ന ആഗോള കത്തോലിക്കാ സമൂഹത്തിന്റെ 48%വും അമേരിക്കൻ ഭൂഖണ്ഡത്തിലാണ്. 21.5%യൂറോപ്പിലും. എന്നാൽ വെറും 11.1% മാത്രമാണ് ഏഷ്യയിലുള്ളതെങ്കിലും വർദ്ധന ഓരോ വർഷവും രേഖപ്പെടുത്തുന്നുണ്ട്. 2018ലെ കണക്കുകൾപ്രകാരം, ജനസംഖ്യയുടെ 18% വരും കത്തോലിക്കരുടെ എണ്ണം. ഏഷ്യയിലും ആഫ്രിക്കയിലുമൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഈ അഞ്ചു വർഷത്തിനിടയിൽ സമർപ്പിത വിളികളിൽ കുറവുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.