ജീമോൻ റാന്നി

ഹൂസ്റ്റണ്‍: വിദേശത്തുനിന്ന് നാട്ടിലേക്കെത്തുന്ന പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് നിവേദനം നല്‍കി. മടങ്ങി എത്തുന്ന പ്രവാസികളോടുള്ള നിലവിലെ സമീപനം അംഗീകരിക്കാന്‍ കഴിയില്ല. നെഗറ്റീവ് ആര്‍ടിപിസിആര്‍ റിസല്‍റ്റുമായാണ് യാത്ര തിരിക്കുന്നത്. നാട്ടിലേക്ക് എത്തുമ്പോള്‍ ഇവിടെയും കോവിഡ് പരിശോധന നടത്തുന്നു. അപ്പോഴും നെഗറ്റീവ് ആയവരെ മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. എന്നിട്ടും കോവിഡ് വ്യാപനത്തിന്റെ വാഹകരായി പ്രവാസികളെ കാണാന്‍ ശ്രമിക്കുകയും നിര്‍ബന്ധിത ക്വാറന്റൈന് വിധിയ്ക്കുകയും ചെയ്യുന്നു.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി അടിയന്തഘട്ടത്തില്‍ നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ക്ക് നിലവിലുള്ള ക്വാറന്റൈന്‍ മാനദണ്ഡം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ദിവസങ്ങളുടെ മാത്രം അവധിയുമായി നാട്ടിലേക്കെത്തുന്ന പ്രവാസി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയിട്ടും ക്വാറന്റീന്‍ സ്വീകരിക്കണമെന്നത് തെറ്റായ നയമാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. കോവിഡ് മാനദണ്ഡങ്ങളും പാലിക്കാനും വൈറസ്ബാധ വ്യാപിക്കാതെ ഇരിക്കാനും പ്രവാസികളുടെ പിന്തുണ ഉണ്ടാകും. ജന്‍മനാടിനുവേണ്ടി പ്രവാസലോകം സ്വീകരിച്ച് പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നു.

ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി. പി. വിജയന്‍, സെക്രട്ടറി ജനറല്‍ പോള്‍ പാറപ്പള്ളി, ട്രഷറര്‍ ജെയിംസ് കൂടല്‍, വി. പി. അഡ്മിന്‍ സി. യു. മത്തായി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, വൈസ് ചെയര്‍പേഴ്‌സണുമാരായ ജോര്‍ജ് കുളങ്ങര, ഡോ. സൂസന്‍ ജോസഫ്, രാജീവ്‌നായര്‍, ഡോ. അജിത്ത് കവിദാസന്‍, വൈസ് പ്രസിഡന്റുമാരായ ബേബിമാത്യു സോമതീരം, എസ്. കെ. ചെറിയാന്‍, ജോസഫ് കില്ലിയന്‍, സിസിലി ജേക്കബ്, ചാള്‍സ് പോള്‍, ഷാജി എം. മാത്യു, ഇര്‍ഫാന്‍ മാലിഖ്, സെക്രട്ടറിമാരായ ടി. വി. എന്‍. കുട്ടി, ദിനേശ് നായര്‍, ജോയിന്റ് സെക്രട്ടറിമാരായ ഡോ. വി. എം. സുനന്ദകുമാരി, എന്‍.പി, വാസുനായര്‍, ജോയിന്റ് ട്രഷററുമാരായ പ്രൊമിത്യൂസ് ജോര്‍ജ്, വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ ആശങ്ക അറിയിച്ചു.