കോഴിക്കോട്: തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. സരിതക്ക് താന്‍ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ല. നേരത്തെ അന്വേഷിച്ച്‌ തെളിവുകിട്ടാത്ത കേസാണിതെന്നും ആര്യാടന്‍ പറഞ്ഞു.

സരിതയും താനുമായി അത്തരം യാതൊരു ഇടപാടുകളുമില്ല. തനിക്ക് ആരും കൈക്കൂലി തന്നിട്ടില്ല. സരിതയുടെ മൊഴിയുണ്ടെന്ന് പറഞ്ഞാണ് വിജിലന്‍സ് അന്ന് അന്വേഷിച്ചത് -ആര്യാടന്‍ പറഞ്ഞു.

മന്ത്രിയായിരുന്ന കാലത്ത് സൗരോര്‍ജ പ്ലാന്‍റുകള്‍ക്കായി സൗരോര്‍ജനയം രൂപവത്കരിക്കാന്‍ സോളാര്‍ കേസ്​ പ്രതി സരിത നായരില്‍നിന്ന്​ 40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ്​ അന്വേഷണത്തിന് മന്ത്രിസഭ ശിപാര്‍ശ ചെയ്തത്.

സംസ്ഥാനത്തെമ്ബാടും വലിയ സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിക്കാനാണ്​ സൗരോര്‍ജനയം രൂപവത്​കരിക്കണമെന്ന്​ സരിതയുടെ നേതൃത്വത്തിലുള്ള കമ്ബനി ആവശ്യപ്പെട്ടത്. ഇതിനായി 25 ലക്ഷം രൂപ വൈദ്യുതിമന്ത്രിയുടെ ഔദ്യോഗിക വസതിയിലും 15 ലക്ഷം രൂപ കോട്ടയത്ത്​ കെ.എസ്.ഇ.ബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലും കൈമാറിയെന്നായിരുന്നു ആരോപണം. ഈ ചടങ്ങില്‍ സരിതയുടെ കമ്ബനിയെ ആര്യാടന്‍ മുഹമ്മദ് പുകഴ്ത്തുന്ന സീഡി സോളാര്‍ തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന് സരിത കൈമാറിയിരുന്നു.

സരിതയുടെ ആവശ്യത്തി​ല്‍ സൗരോര്‍ജനയം രൂപവത്​കരിക്കാന്‍ അന്നത്തെ അനെര്‍ട്ട് ഡയറക്ടറോട് ആര്യാടന്‍ നിര്‍ദേശിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. കോട്ടയത്തു​െവച്ച്‌ പണം വാങ്ങിയിട്ടില്ലെന്ന് മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ജുഡീഷ്യല്‍ കമീഷനെ അറിയിക്കുകയും ചെയ്​തു. ആര്യാടന്‍ മുഹമ്മദിനെയും കമീഷന്‍ വിസ്തരിച്ചു. എന്നാല്‍, തുടര്‍നടപടികളൊന്നുമുണ്ടായില്ലെന്നുകാണിച്ച്‌​ സരിത നായര്‍ മുഖ്യമന്ത്രിക്ക്​ നല്‍കിയ പരാതിയിലാണ്​ വിജിലന്‍സ്​ അന്വേഷണത്തിന്​ ഇപ്പോള്‍ നിര്‍ദേശം നല്‍കിയത്​.