ഓസ്ലോ: നോര്‍വേയില്‍ അമ്പെയ്ത് അഞ്ചുപേരുടെ ജീവനെടുത്ത് ആക്രമണം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പോലീസ് പിടികൂടി. നോര്‍വേയിലെ കോംഗ്‌ബെര്‍ഗ് പട്ടണത്തിലാണ് സംഭവം.കൊല്ലപ്പെട്ടവരിലൊരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്. 28,000 പേര്‍ മാത്രം താമസിക്കുന്ന തെക്കുകിഴക്കന്‍ നോര്‍വേയിലെ ചെറു പട്ടണമാണ് കോംഗ്‌ബെര്‍ഗ്.

‘അക്രമി അമ്പെയ്താണ് ജനങ്ങളെ കൊലപ്പെടുത്തിയത്. അഞ്ചുപേരാണ് ഇതുവരെ കൊല്ല പ്പെട്ടത്. അമ്ബ് തറച്ച രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമി മറ്റേതെങ്കിലും ആയുധങ്ങളും ഉപയോഗിച്ചിരുന്നോ എന്നത് അന്വേഷിക്കുകയാണ്.’ നോര്‍വേ പോലീസ് മേധാവി അറിയിച്ചു.

നോര്‍വേയുടെ ചരിത്രത്തില്‍ 2011ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഏകപക്ഷീയമായ ആക്രമണമാണിതെന്ന് പോലീസ് പറഞ്ഞു. 2011ല്‍ ആന്‍ഡ്രേസ് ബെഹ്‌റിംഗ് എന്നയാള്‍ 77 പേരെ കൊന്നൊടുക്കിയ സംഭവമാണ് ഇതുവരെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊല.