തിരുവനന്തപുരം: ആര്‍എംപി നേതാവ് കെ. കെ രമയുടെ കുടുംബത്തിനും പാര്‍ട്ടി സെക്രട്ടറി വേണുവിനും സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്ത്. വേണുവിനും രമയുടെ മകനുമെതിരെ വധഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തിലാണ് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്‍. വേണുവിനും തന്റെ മകനുമെതിരെ വന്ന ഭീഷണിക്കത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കെ.കെ. രമ നേരെത്തെ ആരോപിച്ചിരുന്നു. തന്റെ മകനെ കത്തില്‍ പരാമര്‍ശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകന്‍ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകള്‍ മുമ്ബും നിരന്തരം വന്നിട്ടുണ്ട്. പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞിരുന്നു.

കോഴിക്കോട് എസ് എം സ്ട്രീറ്റില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടേയുള്ള സി.സി.ടി.വി ദൃശ്യങ്ങളും മറ്റും നോക്കിയാല്‍ കത്തിന് പുറകില്‍ ആരാണെന്ന് വ്യക്തമാവും. ഇത് നിസാരമായ കാര്യമല്ല, പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പൊലീസ് ശ്രമിക്കണമെന്നും രമ ആവശ്യപ്പെട്ടു. അതേസമയം, ഭീഷണിക്കത്തില്‍ വടകര പൊലീസ് കേസെടുത്തു. രമയുടെയും വേണുവിന്റെയും വീടുകളില്‍ സുരക്ഷ ശക്തമാക്കി. ആര്‍.എം.പി ഓഫീസിലും കാവല്‍ ഏര്‍പ്പെടുത്തുമെന്ന് എസ്.പി ഡോ. എ. ശ്രീനിവാസ് വ്യക്തമാക്കിയിട്ടുണ്ട്.