റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി, നീരജ് രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ പാലത്തറ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സന്തോഷത്തിന്റെ ഒന്നാം ദിവസം’ (Joyful Mystery) സൈന പ്ലേ ഒടിടി യില്‍ റിലീസായി.

ലിവിംങ് ടുഗെതറിലൂടെ ഒന്നിച്ച്‌ മുന്നോട്ട് പോകുന്ന മാധ്യമ പ്രവര്‍ത്തകയായ മരിയയുടെയും അഭിനയ മോഹിയായ ജിതിന്റെയും ജീവിത മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ഒരു കാറിനുള്ളില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച ഈ ചിത്രം മധുരവും കയ്പും നിറഞ്ഞ അവരുടെ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നു. കാറിനുള്ളില്‍ 85 മിനിറ്റ് നീളുന്ന സിംഗിള്‍ ഷോട്ടിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. നീരജ രാജേന്ദ്രന്‍, അര്‍ച്ചന പത്മിനി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

‘വൈറസ്’ എന്ന സിനിമയില്‍ നിപ പോരാട്ടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട നേഴ്സ് ലിനിയുടെ കഥാപാത്രമായാണ് റിമ ഏറ്റവുമൊടുവില്‍ സ്‌ക്രീനിലെത്തിയത്. ഹാഗര്‍ എന്ന സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. 2021ല്‍ റിമയുടെ മറ്റു ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ.

2019 ല്‍ റിലീസായ ‘പതിനെട്ടാം പടിയില്‍’ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഗിരിയെ അവതരിപ്പിച്ച്‌ ജിതിന്‍ ശ്രദ്ധ നേടിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ മൂത്ത മകനാണ് ജിതിന്‍. തന്നെക്കാള്‍ പകുതിയോളം പ്രായമുള്ള കഥാപാത്രമായാണ് പതിനെട്ടാം പടിയില്‍ ജിതിന്‍ പ്രത്യക്ഷപ്പെട്ടത്.

ഷിജോ കെ. ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജി ബാബു നിര്‍വഹിക്കുന്നു. സംഗീതം- ബേസില്‍ ജോസഫ്, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, കോസ്റ്റ്യൂസ്- സ്വപ്ന റോയി, ഡിസൈന്‍- ദിലീപ് ദാസ്. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച്‌ പ്രേക്ഷകരുടെ അംഗീകാരം നേടിയ ചിത്രമാണ് ‘സന്തോഷത്തിന്റെ ഒന്നാം ദിവസം’. വാര്‍ത്താ പ്രചരണം-എ എസ് ദിനേശ്.

മണിരത്നത്തിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പൊന്നിയിന്‍ സെല്‍വന്റെ’ ചിത്രീകരണം പുതുച്ചേരിയില്‍ പുനരാരംഭിച്ചു. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന നടന്‍ കാര്‍ത്തി അടുത്തയാഴ്ച ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലുതും ബിഗ് ബഡ്ജറ്റുമായ ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’. ചിത്രത്തിന്റെ ആദ്യ ഭാഗം 2022ല്‍ പുറത്തിറങ്ങും.

ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌ ടീം ഒരു ഷെഡ്യൂള്‍ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്, അത് ഹൈദരാബാദിലോ മധ്യപ്രദേശിലോ ചിത്രീകരിക്കും.

നെറ്ഫ്ലിക്സില്‍ റിലീസ് ചെയ്യാനിരിക്കുന്ന നവരസ വെബ്സീരീസുമായി ബന്ധപ്പെട്ട മാധ്യമ കൂടിക്കാഴ്ചയില്‍, ‘പൊന്നിയിന്‍ സെല്‍വന്റെ’ 75 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതായി മണിരത്നം സ്ഥിരീകരിച്ചു.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കിയിരുന്നു. ആദ്യ ഷെഡ്യൂളിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിച്ചത് തായ്‌ലന്‍ഡിലാണ്.

പൊന്നിയിന്‍ സെല്‍വനെ ഒരു സിനിമയാക്കി മാറ്റുകയെന്നത് മണിരത്നത്തിന്റെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അരുള്‍‌മൊഴി വര്‍‌മ്മന്റെയും ചോള രാജവംശത്തിന്‍റെയും കഥയാണ് പൊന്നിയിന്‍ സെല്‍‌വന്‍ പിന്തുടരുന്നത്.

ഐശ്വര്യ റായ് ബച്ചന്‍, ചിയാന്‍ വിക്രം, ത്രിഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, അശ്വിന്‍ കകുമാനു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തും.