രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മയും ധനസമാഹരണ ക്യാംപയിൻ വഴി നേടിയത് 11 കോടി രൂപ.
ഏഴ് കോടി രൂപ ലക്ഷ്യം വച്ച് മെയ് 7 ന് തുടങ്ങിയ ക്യാംപയിന് മികച്ച പ്രതികരണമാണ് കിട്ടിയത്.
ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ‘ഇൻ ദിസ് ടുഗതർ’ എന്ന് പേരിട്ട ക്യാംപയിന്‍ വഴി ഇരുവരും തുക കണ്ടെത്തിയത്.

ഫണ്ട് ശേഖരം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 3.6 കോടി ലഭിച്ചിരുന്നു. കോലിയും അനുഷ്‌കയും ചേര്‍ന്ന് 2 കോടി രൂപ നൽകിയാണ് ക്യാംപയിൻ ആരംഭിച്ചത്. കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജൻ സമാഹരണത്തിനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി ഈ തുക വിനിയോഗിക്കും. സാമ്പത്തിക സഹായം നല്‍കിയവര്‍ക്ക് വിരാട് കോലിയും അനുഷ്‌കയും നന്ദി അറിയിച്ചു.