അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തിലെ കടല്‍ തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം. അടുത്ത 24 മണിക്കൂറില്‍ ശക്തമാകുന്ന ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റാകും.

അടുത്ത 48 മണിക്കൂറില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്.

മറ്റന്നാള്‍ സംസ്ഥാനത്തെ 12 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. ഇടിമിന്നല്‍ ജാഗ്രത വേണമെന്നും അധികൃതര്‍. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. നാളെ മുതല്‍ ഞായറാഴ്ച വരെ 40-50 കി മീ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയെന്നും മുന്നറിയിപ്പ്. ലക്ഷദ്വീപില്‍ പ്രകൃതിക്ഷോഭ ഭീഷണിമുണ്ട്. പ്രദേശത്ത് ഇന്നും നാളെയും റെഡ് അലേര്‍ട്ടാണ്.