ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. ഓക്സിജന്‍ ക്ഷാമം മൂലം നിരവധിയാളുകളാണ് മരണപ്പെടുന്നത്. ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ ഓക്സിജന്‍ ക്ഷാമം വര്‍ധിച്ച്‌ വരികയാണ്. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും സ്ഥിതി ഇതുതന്നെ. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് കൂട്ട ശവസംസ്കാരത്തിന്റെ വാര്‍ത്തകള്‍ തന്നെയായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, അന്ന് സ്ഥിതി രൂക്ഷമായത് ഇന്ത്യയിലായിരുന്നില്ല മറിച്ച്‌ ന്യൂയോര്‍ക്കിലായിരുന്നു.

ന്യൂയോര്‍ക്കിലെ സ്ഥിതി ഭയപ്പെടുത്തുന്നതായിരുന്നു. എന്നാല്‍, ഇന്ന് അമേരിക്ക അതില്‍ നിന്നെല്ലാം കരകയറി. മുഴുവന്‍ ആളുകളും വാക്സിനേറ്റഡ് ആയ സ്ഥലത്ത് ഇനി മാസ്ക് വെയ്ക്കാതെ പുറത്തിറങ്ങാമെന്ന അറിയിപ്പ് വരെ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. പക്ഷേ, ഇന്ത്യയിലെ സ്ഥിതി മോശമാവുകയാണ്. അത്യന്തം ഗുരുതരമായ സ്ഥിതിയില്‍ നിന്നും സാധാരണ നിലയിലേക്ക് ന്യൂയോര്‍ക്ക് മാറിയതെങ്ങനെയെന്നത് ഓരോ രാജ്യവും പഠനവിഷയമാക്കേണ്ടതാണെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞു.

കൊവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ നാമെല്ലാവരും ശ്രദ്ധിക്കേണ്ടതായുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കി വീടുകളില്‍ തന്നെ കഴിഞ്ഞ് വൈറസിനെ പ്രതിരോധിക്കാം. ആര്‍ ടി പി സി ആര്‍ ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയെന്ന് കരുതി ആശുപത്രി ചികിത്സ തേടേണ്ടതില്ല. ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയുന്നതാകും നല്ലതെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡോക്ടര്‍ നിഷ പിള്ള പറയുന്നു.

‘കൊവിഡിനു മരുന്നുണ്ട്, ചികിത്സിക്കാന്‍ കഴിയും. ഒരുപരിധി വിട്ട് ഇമ്മ്യൂണിറ്റി കുറവുള്ളവരെ കൊവിഡ് കാര്യമായി തന്നെ ബാധിക്കും. പക്ഷേ, നമ്മുടെ ധൈര്യത്തെ കൈവിടാതിരിക്കുക. ഭയപ്പെടേണ്ട ആവശ്യമില്ല. കേരളത്തിലുള്ളവര്‍ വീടുകളില്‍ തന്നെയിരിക്കണം. പെട്ടന്ന് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാലാണ് കൊവിഡ് അതിവേഗം പടരുന്നത്. മറ്റ് രാജ്യങ്ങള്‍ കരകയറിയത് പോലെ ഇന്ത്യയും കരകയറും. രാജ്യത്തെ താഴ്ത്തി കെട്ടാനുള്ള സമയമല്ലിത്. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും ചീത്തവിളിക്കാനുള്ള സമയമല്ല ഇതെന്ന് എല്ലാവരും മനസിലാക്കുക’- ഡോക്ടര്‍ നിഷ പറയുന്നു.