കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയയായ നടപടിയല്ല. പതിനെട്ട് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. മനുഷ്യര്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിന് ലഭിച്ച വാക്‌സിന്‍ മുഴുവന്‍ നല്ല രീതിയില്‍ ഉപയോഗിച്ചു. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്ന കാര്യത്തെക്കുറിച്ചുള്ള മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണ്. നല്ല രീതിയില്‍ ആ വാക്‌സിന്‍ മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്‌സിന്‍ വയലിനകത്തും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് പോലും നമ്മള്‍ പാഴാക്കിയില്ല. ശ്രദ്ധിച്ച് ഉപയോഗിച്ചതുകൊണ്ട് 74,24,166 ഡോസ് വാക്‌സിന്‍ നല്‍കാനായി. കേന്ദ്രസര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ ഇതിനോടകം ഉപയോഗിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.