നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ജയം സ്വന്തമാക്കി എൽഡിഎഫിനു തുടർഭരണം ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫിൻ്റെ വിജയം ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ ശക്തികളെ ഏകോപിപ്പിക്കാൻ യുഡിഎഫ് ശ്രമിച്ചു. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു. കിഫ്ബിയുടെ സുഗമപ്രവർത്തനത്തെ തകർക്കാൻ കൃത്യമായ അജണ്ടയുണ്ട്. ഇതിനാണ് കേരളം മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൻ്റെ സമഗ്ര പുരോഗതിക്കും സാമൂഹ്യ മുന്നേറ്റത്തിനും സഹായകരമായ പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടുപോയത്. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ ചേർത്തുപിടിച്ചു. ഇത്തരത്തിലുള്ള ഒരു സർക്കാരിൻ്റെ തുടർഭരണം ഉണ്ടാവാതിരിക്കാനാണ് കോൺഗ്രസും ബിജെപിയും ലീഗും ജമാഅത്തെ ഇസ്ലാമിയുമൊക്കെ ശ്രമിച്ചത്. അതിനായി എത്രത്തോളം ഐക്യപ്പെടാമോ അങ്ങനെ പ്രവർത്തിച്ചു. പക്ഷേ, കേരള ജനത അത് നിരാകരിച്ചു. രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ അത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ജനങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്ന് കേന്ദ്രം ആലോചിക്കുന്നില്ല. കോർപറേറ്റുകളെ സംരക്ഷിക്കുന്ന അജണ്ടകൾക്ക് മുൻതൂക്കം നൽകി. ഇത് ദാരിദ്ര്യം വർധിപ്പിച്ചു. കൊവിഡിനു മുന്നിൽ കേന്ദ്രം കാഴ്ചക്കാരായി നിൽക്കുന്നു. അതിനൊപ്പം തീവ്ര ഹിന്ദുത്വ വർഗീയതയെ അവർ രാജ്യത്തിൻ്റെ മുഖമുദ്രയാക്കി. ജനാധിപത്യത്തെ തകർക്കാൻ ശ്രമം തുടരുകയാണ്. ഈ നയങ്ങൾക്കെതിരെ രാജ്യത്ത് ജനകീയ മുന്നേറ്റങ്ങൾ ശക്തിപ്പെടുന്നുണ്ട് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.