രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. രണ്ടാം തരംഗത്തില്‍ വിറച്ചിരിക്കുകയാണ് ജനങ്ങള്‍. മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, കര്‍ണാടക, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷം. ഗുജറാത്തില്‍ കൊവിഡ് മരണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഗുജറാത്തില്‍ കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചതോടെ കൂട്ടശവദാഹത്തിലേക്ക് കടന്നിരിക്കുകയാണ് അധികൃതര്‍.

കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂട്ടശവദാഹം നടത്തുകയല്ലാതെ മറ്റ് വഴികളില്ലാതെ വരികയാണ്. 18 അടി നീളവും എട്ടടി വീതിയുമുള്ള ഒരു പട്ടടയില്‍ അഞ്ചു പേരെ വരെയാണ് ഗുജറാത്തില്‍ ദഹിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂറത്തില്‍ ഇത്തരം ശവദാഹങ്ങള്‍ ഇപ്പോള്‍ ഒരു സ്ഥിരം കാഴ്ചയായെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ആശുപത്രി വരാന്തയിലും മോര്‍ച്ചറികളിലും മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കാന്‍ തുടങ്ങിയതോടെയാണ് കൂട്ടശവദാഹത്തിലേക്ക് അധികൃതര്‍ കടന്നത്. ‘മിക്ക കേസുകളിലും ഒറ്റയ്ക്കാണ് ദഹിപ്പിക്കുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ കൂടുതലായതോടെ ഒരു പട്ടടയില്‍ അഞ്ചെണ്ണം വയ്ക്കും. മൂന്ന് മീറ്റര്‍ അകലത്തില്‍ വച്ചാണ് ദഹിപ്പിക്കുന്നത്’ – ശ്മശാനം ട്രസ്റ്റി പ്രവീണ്‍ പട്ടേല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ നിസഹായരാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് ചെറിയ വാനുകളില്‍ പോലും മൂന്നു വീതം മൃതദേഹങ്ങളാണ് ശ്മശാനത്തിലേക്ക് എത്തുന്നത്. മണിക്കൂറിലും ഓരോ വാനുകള്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.