ഴിമതിയും കൊവിഡ് വ്യാപനവും തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചാവുമ്ബോള്‍ ഇങ്ങനെ പറയാനാവില്ല. അഴിമതി അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും, അത്തരം അവതാരങ്ങളെയൊന്നും അടുപ്പിക്കില്ലെന്നും പ്രഖ്യാപിച്ച്‌ അധികാരത്തില്‍ വന്ന പിണറായി അഴിമതികളുടെ അവതാരമായി സ്വയം മാറുന്നതാണല്ലോ ജനങ്ങള്‍ കണ്ടത്. ഭരണാധികാരിയെന്ന നിലയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്ബോഴും അഴിമതിവിരുദ്ധ ഗിരി പ്രഭാഷണം നടത്തുന്നതിന് പിണറായിക്ക് മടിയൊന്നുമുണ്ടായിരുന്നില്ല. ഇതുപോലെയാണ് മുഖ്യമന്ത്രി ഇപ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിരിക്കുന്നതും. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രി ഇക്കഴിഞ്ഞ ബുധനാഴ്ച നെഗറ്റീവായി വീട്ടില്‍ വിശ്രമിക്കുകയാണ്. പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നതിന്‍ പ്രകാരം മുഖ്യമന്ത്രിക്ക് ഈ മാസം നാലിന് തന്നെ കൊവിഡ് ബാധിച്ചിരിക്കണം. എങ്കില്‍ മാത്രമേ പത്ത് ദിവസത്തിനുശേഷം രോഗമുക്തനാവൂ. വീട്ടില്‍നിന്ന് രോഗം ബാധിച്ച മുഖ്യമന്ത്രി ഇക്കാര്യം മറച്ചുപിടിച്ച്‌ സ്വന്തം മണ്ഡലമായ ധര്‍മടത്ത് താരങ്ങളെയടക്കം ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച്‌ റോഡ് ഷോ നടത്തുകയും, ഒരുപാടുപേരുടെ അകമ്ബടിയോടെ ബൂത്തിലെത്തി വോട്ടുചെയ്യുകയുമായിരുന്നു. കൊവിഡ് ബാധിച്ച സ്വന്തം മകള്‍ പിപിഇ കിറ്റ് ധരിച്ച്‌ വോട്ടു ചെയ്തപ്പോഴാണ് അങ്ങനെയൊരു കരുതലില്ലാതെ മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

രോഗബാധിതനായാണ് മുഖ്യമന്ത്രി ആശുപത്രിയിലേക്ക് പോയത്. അതും ഒരുകൂട്ടം ആളുകള്‍ക്കൊപ്പം. സാധാരണ പൗരന്മാരുടെ ഭാഗത്തുനിന്നുപോലുമുണ്ടാകാന്‍ പാടില്ലാത്ത അങ്ങേയറ്റം നിരുത്തരവാദപരമായ പെരുമാറ്റമാണ് മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. കൊവിഡ് ബാധിക്കുന്ന ദിവസംതൊട്ട് പത്ത് ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടത്. എന്നാല്‍ ആറാം ദിവസമാണ് നെഗറ്റീവാണെന്ന് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി ആശുപത്രി വിട്ടത്. ഇത് കൊവിഡ് പ്രോട്ടോകോളിന്റെ പരസ്യമായ ലംഘനമാണെന്നു മാത്രമല്ല, കടുത്ത ജനവഞ്ചനയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ദിവസംതോറും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് കൊവിഡ് പ്രതിരോധത്തെക്കുറിച്ച്‌ വാചാലനായ ഭരണാധികാരിയാണ് പിണറായി. തനിക്കു മാത്രം ഇതൊന്നും ബാധകമല്ലെന്നാണ് ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്. രോഗബാധിതനായശേഷം നെഗറ്റീവായാലും ഒരാഴ്ചക്കാലം മറ്റുള്ളവരുമായി സമ്ബര്‍ക്കമില്ലാതെ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയണമെന്നാണ് നിബന്ധന. ഇതും മുഖ്യമന്ത്രി ലംഘിച്ചു. ആശുപത്രിയില്‍നിന്ന് വീട്ടിലേക്കുപോയതും ഭാര്യയടക്കം നിരവധി പേര്‍ക്കൊപ്പമാണ്. സാധാരണക്കാര്‍ പ്രോട്ടോകോള്‍ ലംഘിച്ചാല്‍ പിഴയടക്കമുള്ള ശിക്ഷകളുണ്ട്. മുഖ്യമന്ത്രി എന്ത് ശിക്ഷയ്ക്കാണ് വിധേയനാവാന്‍ പോകുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിക്കുന്ന ഒരേയൊരു ഭരണാധികാരിയല്ല പിണറായി വിജയന്‍. കേരളത്തിലെ പല മന്ത്രിമാര്‍ക്കും കൊവിഡ് വന്നിരുന്നു. ഇവരെല്ലാം നിബന്ധന പാലിച്ചു. പ്രധാനമന്ത്രിയടക്കമുള്ളവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വലിയ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. കാരണം ജനങ്ങള്‍ക്ക് മാതൃകയാവേണ്ടവരാണെന്ന ബോധം ഇവര്‍ക്കുണ്ട്. ഇവിടെയാണ് അക്ഷന്തവ്യമായ അപരാധം പിണറായി ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും തനിക്ക് പ്രശ്‌നമല്ലെന്ന ചിന്തയാണോ പിണറായിയെ നയിക്കുന്നത്? രോഗബാധിതരാണെന്ന് അറിയാതെ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടതിന് നിരവധി പേരെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്തയാളാണ് മുഖ്യമന്ത്രി. അതേയാള്‍ തന്നെയാണ് തനിക്കു മാത്രം ഇതൊന്നും ബാധകമല്ലെന്ന് തെളിയിച്ചിരിക്കുന്നത്. അഴിമതികളുടെ കാര്യത്തിലെന്നപോലെ കൊവിഡിനെ പ്രതിരോധിക്കുന്നതിലും തനിക്ക് നിയമം ബാധകമല്ലെന്ന ധാര്‍ഷ്ട്യമാണ് പിണറായിക്ക്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപം മറച്ചുപിടിച്ച്‌ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യമന്ത്രിയും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുണ്ടായിട്ടും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം ഭരിക്കുന്നവര്‍ വലിയ വീഴ്ച വരുത്തുകയുണ്ടായി. ഇതിന്റെ മകുടോദാഹരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന പ്രോട്ടോകോള്‍ ലംഘനങ്ങള്‍.