തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബന്ധുനിയമനത്തില്‍ മന്ത്രി ജലീല്‍ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും കഴിഞ്ഞ ദിവസം ലോകായുക്ത വിധിച്ചിരുന്നു.

എന്നാല്‍ സിപിഎം ഈ വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയുമാണ്. സിപിഎമ്മിന്റെ ഈ നിലപാടിന് പിന്നില്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യമാണെന്ന് ഇപ്പോള്‍ വ്യക്തമായി.കേരളത്തില്‍ സമീപകാലത്ത് നടന്ന എല്ലാ പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. താന്‍ ഇക്കാര്യം തുടരെത്തുടരെ പറഞ്ഞതാണ്.

അധികാരത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിക്ക്. ബന്ധുനിയമനം ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യ മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി നടത്തിയ പിന്‍വാതില്‍ നിയമനങ്ങളെ സംബന്ധിക്കുന്ന അന്വേഷണം പ്രഖ്യാപിക്കലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു.

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയുടെ മരണത്തെ കുറിച്ച്‌ വിശദമായ അന്വേഷണം ആവശ്യമാണ്.രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കേണ്ടിരിക്കുന്നു. സിപിഎം ആയുധമെടുത്ത് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കില്ലെന്ന് പറയാനുള്ള തന്റേടം മുഖ്യമന്ത്രി കാട്ടണം.മന്ത്രി ജലീല്‍ ബന്ധുനിയമന വിവാദത്തില്‍ കുറ്റക്കാരനെന്ന് ലോകായുക്ത വിധിച്ചിട്ടും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാതെ കുറ്റകരമായ അനാസ്ഥയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.