കൊച്ചി: വ്യവസായി എം. എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതല്ലെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍. യാത്രക്കാര്‍ സുരക്ഷിതരാണെന്നും കനത്ത മഴമൂലമാണ് നിലത്തിറക്കേണ്ടി വന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.

യൂസഫലി, ഭാര്യ സാബിറ, പേഴ്‌സണല്‍ സെക്രട്ടറി ഷാഹിദ് പി കെ എന്നിവരാണ് പൈലറ്റ്, സഹ പൈലറ്റ് എന്നിവര്‍ക്കൊപ്പം ഉണ്ടായിരുന്നത്.

‘ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പോലെ കോപ്റ്റര്‍ ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നില്ല. മഴമൂലം പറക്കല്‍ ദുഷ്‌കരമാണെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ കണക്കിലെടുത്ത് ചതുപ്പില്‍ ഇറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു,’ നന്ദകുമാര്‍ പറഞ്ഞു.
എറണാകുളം പനങ്ങാടിലെ ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. രാവിലെ 8:45ഓടെയായിരുന്നു സംഭവം. യൂസഫലിയും ഭാര്യയും അടക്കം 5 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും പരിക്കുകളില്ലെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.