തിരുവനന്തപുരം : സംസ്ഥാനത്ത് 298 നക്സല്‍ ബാധിത ബൂത്തുകള്‍ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് നക്സല്‍ ബാധിത ബൂത്തുകളുള്ളത്. കേന്ദ്രസേനയെ ഈ പ്രദേശങ്ങളില്‍ നിയോഗിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. നക്സല്‍ ബാധിത ബൂത്തുകളിലും, ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകളിലും ആണ് കേന്ദ്രസേനയെ നിയോഗിക്കുക.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ ജില്ലകളിലെ പ്രശ്‌ന ബാധിത മേഖലകളിലേക്കായി ആവശ്യപ്പെട്ടിരിക്കുന്നത് 125 കമ്ബനി കേന്ദ്രസേനയെയാണ്. സിആര്‍പിഎഫ്, ഐടിബിപി, സിഐഎസ്‌എഫ്, തുടങ്ങിയവയില്‍ നിന്നാണ് ഇവരെ എത്തിക്കുന്നത്. പ്രശ്‌ന ബാധിത മേഖലകളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിന്യസിക്കാനുള്ള മുപ്പത് യൂണിറ്റ് കേന്ദ്രസേന എത്തി. കേന്ദ്രസേന എറണാകുളം വടക്കന്‍ പറവൂരിലും കുന്നത്തുനാട്ടിലും റൂട്ട് മാര്‍ച്ചും നടത്തി. വടക്കന്‍ പറവൂരില്‍ കൂടുതല്‍ പ്രശ്ങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആണ് സംഘം റൂട്ട് മാര്‍ച്ച്‌ നടത്തിയത്.

സംസ്ഥാനത്ത് വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണെന്നും നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ഇത് ആറ് മണിവരെയായിരിക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു. വെബ്കാസ്റ്റിംഗ് ഇത്തവണ 50 ശതമാനം പോളിംഗ് ബൂത്തുകളിലും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പോളിംഗ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.