കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സലിം കുമാര്‍. മിമിക്രി വേദികളില്‍ നിന്നും സിനിമയില്‍ എത്തിയ താരം കോമഡി വേഷങ്ങളിലായിരുന്നു ആദ്യകാലത്ത് തിളങ്ങി നിന്നത്. പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രക്ഷക പ്രീതി നേടുകയും മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും നേടിയിരുന്നു. ടിവി ഷോകളിലെ ഹാസ്യ പരിപാടികള്‍ ബോഡി ഷെയിമിങ്ങാണോ എന്നെതിനെ കുറിച്ച്‌ സലിം കുമാര്‍ അഭിപ്രായം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അതിനെ ബോഡി ഷെയിമിങ് എന്നു പറയാന്‍ പറ്റില്ല. ഒരു പരിപാടി വിജയത്തിലെത്തിക്കാന്‍ സ്വയം വില്‍പ്പന ചരക്കാക്കുകയാണ്. ഞാന്‍ തന്നെയായിരിക്കും ‘നിങ്ങള്‍ എന്നെ വച്ച്‌ ഡയലോഗ് ഇട്ടോ’ എന്ന് പറയുന്നത്. ചിരിയുണ്ടാക്കണം എന്നത് മാത്രമാണ് ആ സമയത്തെ ചിന്ത. പരസ്പര ധാരണയുടെ പുറത്താണ് അങ്ങനെയെല്ലാം പറയുന്നത്. ഇന്നു അസഹിഷ്ണുത പൊതുവേ കൂടുതലായതു കൊണ്ടാണ് അതു തെറ്റാണെന്നു തോന്നുന്നത്. വൈകല്യമുള്ള ഒരാളെ കളിയാക്കുന്നത് ശരിയല്ല’. ഒരാളെ ദ്രോഹിക്കാനും അപഹസിക്കാനും അങ്ങനെ ചെയ്യുന്നതും ശരിയല്ലെന്നും സലിംകുമാര്‍ പറഞ്ഞു.

സിനിമ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡത്തെ കുറിച്ച്‌ സലിം കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു . ‘എന്തെങ്കിലും ഒരു പുതിയ അറിവ് ലഭിക്കണം. അതൊരു പാട്ടോ, കഥയോ, ഡയലോഗോ എന്തുമാകാം. എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു പുതുമ അതിലുണ്ടാകണം. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കും സലിം കുമാര്‍ ചെയ്യുന്ന സിനിമയിലൊന്നും ഇങ്ങനെ കാണാറില്ലല്ലോ എന്ന്. പക്ഷേ എനിക്ക് പ്രതീക്ഷിക്കാമല്ലോ. ആ പ്രതീക്ഷയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്’.

സംവിധായകന്‍ ലാല്‍ ജോസിന്റെ സിനിമ ‘മ്യാവൂ’ എന്ന ചിത്രത്തില്‍ സലിംകുമാര്‍ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി ചിത്രം വണ്‍’, ഫഹദ് പാസില്‍ ചിത്രം മാലിക്’, ‘രമേഷ് ആന്‍ഡ് സുമേഷ്’ എന്നീ സിനിമകളാണ് സലീമിന്റെതായി പുറത്തുവരാനുള്ളത്.