തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിട്ട സി പി എം ഈ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരസ്യമായി മാപ്പു പറയണമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്ന് താന്‍ അന്നു തന്നെ ചൂണ്ടിക്കാട്ടിയതാണ്. അത് ശരി വയ്ക്കുന്നതാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട്. കൊല നടത്താന്‍ എത്തിയവരാണ് വെഞ്ഞാറമൂട്ടില്‍ കൊലപാതകത്തിന് ഇരയായതെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും മാധ്യമ വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞു. അക്രമത്തെ ഉപാസിക്കുന്ന സിപിഎം നേതാക്കളാണ് ഈ കൊലപാതകത്തിന് രാഷ്ട്രീയമാനം നല്‍കിയത്. സി പി എം ഗുണ്ടകള്‍ വിവിധ ജില്ലകളിലായി അന്ന് 150 ല്‍പ്പരം കോണ്‍ഗ്രസ് ഓഫീസുകളാണ് തല്ലി തകര്‍ത്തത്. കൊലക്കുറ്റം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെച്ച്‌ കേരളത്തില്‍ ഉടെനീളം ആയിരക്കണക്കിന് ഫ്ലക്‌സ് ബോര്‍ഡുകളാണ് സി പി എം സ്ഥാപിച്ചത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി പി എം ആഘോഷമാക്കി മാറ്റുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പൊലീസ് റൂറല്‍ എസ് പി കേസ് അന്വേഷണ ചുമതല ഏറ്റെടുത്തതോടെ സി പി എം ഈ കേസിന് രാഷ്ട്രീയമാനം നല്‍കുകയായിരുന്നു. സി ബി ഐ അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതും ഇത് രാഷ്ട്രീയ കൊലപാതമല്ലെന്ന ബോധ്യം സി പി എമ്മിന് ഉണ്ടായിരുന്നതിനാലാണ്.

രക്തസാക്ഷികളെ സൃഷ്ടിക്കുന്നതും അവരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി ധനസമാഹരണം നടത്തുന്നതും സി പി എം ശൈലിയാണ്. കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്കും വ്യാപിക്കാനാണ് സി പി എം ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാ‍ഗ്യമില്ലെന്ന് ആയിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിനു കാരണമായതെന്നും രാഷ്ട്രീയ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ വൈരമുണ്ടെന്ന പൊലീസ് കുറ്റപത്രത്തെ തള്ളിക്കളയുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

പ്രതികളുടെ മൊബൈല്‍ ഫോണുകളും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഫോറന്‍സിക് വിഭാഗം രാഷ്ട്രീയ കൊലപാതകം അല്ലെന്ന നിഗമനത്തില്‍ എത്തിയത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും കൊല്ലപ്പെട്ടവരുടെയും ഫോണ്‍ സംഭാഷണങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചോ നേതാക്കളെ കുറിച്ചോ പരാമര്‍ശമില്ലെന്നും നെടുമങ്ങാട് ഒന്നാം ക്ലാസ് മജി‍സ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല നടത്താന്‍ എത്തിയവരാണു കൊലപാതകത്തിനിരയായതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടത്താനായി ഇവര്‍ ഗൂ‍‍ഢാലോചന നടത്തി. എതിര്‍ സംഘത്തിലെ ചിലരെ അപാ‍യപ്പെടുത്തുക എന്നതായിരുന്നു കൊല്ലപ്പെട്ടവരുടെ ലക്ഷ്യം. മുഖംമൂടി ധരിച്ച്‌, ശരീരം മുഴുവന്‍ മൂടിപ്പൊ‍തിഞ്ഞാണ് കൊ‍ല്ലപ്പെട്ടവര്‍ ഉള്‍പ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്.ഇരു സംഘങ്ങളുടെ കൈവശവും മാരകായുധങ്ങള്‍ ഉണ്ടായിരുന്നെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ കഴിഞ്ഞ ഓഗസ്റ്റ് 30ന് രാത്രി‍യില്‍ തേ‍മ്ബാമൂട് വച്ചാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണവുമായി സി പി എം നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സി പി എം ആരോപിച്ചിരുന്നു.