മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പൃഥ്വിരാജ് സുകുമാരനുമുണ്ടെന്ന് സൂചന. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ കൊച്ചിയില്‍ ആരംഭിക്കും. ഫാന്റസി ത്രീഡി ചിത്രമായ ബറോസില്‍ അഭിനയിക്കുന്നതിനെക്കുറിച്ച്‌ ‘മോഹന്‍ലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു’ എന്ന് പൃഥ്വിരാജ് ദൃശ്യം 2 നെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും, ക്രിയേറ്റിവ് ഡയറക്ടറും. മുന്‍പ് ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ത്രി.ഡി വിസ്മയം തീര്‍ത്തതും ജിജോയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സന്തോഷ് ശിവന്‍ ഛായാഗ്രഹണവും, സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.

ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കൊച്ചിയിലും ഗോവയിലുമായി ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ സെറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു.

സ്പാനിഷ് നടീനടന്‍മാരായ പാസ് വേഗ, റാഫേല്‍ അമര്‍ഗോ എന്നിവര്‍ ചിത്രത്തിലുണ്ട്. വാസ്‌കോ ഡ ഗാമയുടെ വേഷത്തില്‍ റാഫേല്‍ അമര്‍ഗോയും, വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ വേഷത്തില്‍ പാസ് വേഗയും അഭിനയിക്കുന്നു. നായക കഥാപാത്രമായ ‘ബറോസ്’ എന്ന ഭൂതമായി മോഹന്‍ലാല്‍ വേഷമിടുന്നു.

ചിത്രത്തിലെ പൃഥ്വിരാജിന്റെ വേഷത്തെക്കുറിച്ചറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.